ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഞ്ചാവ് ആയുധമാക്കാൻ പാകിസ്താൻ. രാജ്യത്ത് കഞ്ചാവ് കൃഷി വ്യാപകമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഈ കഞ്ചാവ് ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് ലക്ഷ്യം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഈ വർഷം ജനുവരിയിൽ തന്നെ കഞ്ചാവ് കൃഷി വ്യാപിപ്പിക്കാൻ പാകിസ്താൻ ആലോചിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാർ ഓർഡിനൻസ് പാസാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് നിയന്ത്രണ അതോറിറ്റി (സിസിആർഎ) രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നീക്കങ്ങൾ വേഗത്തിലാക്കിയത്. രാജ്യത്തിനുള്ളിൽ കൃഷി വ്യാപിപ്പിക്കുന്നതിന് പുറമേ ഇറക്കുമതി വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇത് വഴി ആഗോള കഞ്ചാവ് വിപണിയിൽ സ്ഥാനം ഉണ്ടാക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം. കയറ്റുമതി, വിദേശ നിക്ഷേപം, ആഭ്യന്തര വിൽപ്പന എന്നിവ ത്വരിതപ്പെടുന്നതിലൂടെ വരുമാനം വർദ്ധിക്കുമെന്നും പാകിസ്താൻ പ്രതീക്ഷിക്കുന്നു. നിലവിൽ 25 ശതമാനം ആണ് പാകിസ്താന്റെ നാണയപ്പെരുപ്പം. കഞ്ചാവ് കൃഷി വഴി 64.74 ബില്യൺ ഡോളർ നേട്ടം ഉണ്ടാക്കാമെന്നും രാജ്യം പ്രതീക്ഷിക്കുന്നു.
13 അംഗങ്ങൾ ആണ് നിയന്ത്രണ അതോറിറ്റിയിൽ ഉള്ളത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രി ആയിരിക്കെ 2020 ൽ തന്നെ കഞ്ചാവിന്റെ കൃഷി വ്യാപിപ്പിക്കാൻ ആലോചന നടത്തിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ തുടർ നടപടികൾക്ക് തടസ്സം നേരിടുകയായിരുന്നു.
Discussion about this post