അയോദ്ധ്യ:മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യ ധാം റെയില്‍വേ സ്റ്റേഷനും പുതിയ അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു അന്താരാഷ്ട്ര വിമാനത്താവളം അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.പുഷ്പവൃഷ്ടി നടത്തിയും രാമനാമ ജപങ്ങളോടുമാണ് പ്രധാനമന്ത്രിയെ ജനങ്ങള്‍ അയോദ്ധ്യയിലേക്ക് വരവേറ്റത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അയോദ്ധ്യ വിമാനത്താവളത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. അയോദ്ധ്യ വിമാനത്താവളത്തിന്റെ വികസനത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 821 ഏക്കര്‍ ഭൂമിയാണ് വിട്ടുനല്‍കിയത്. 1440 കോടിയിലധികം രൂപ ചിലവഴിച്ചാണ് അത്യാധുനീക സൗകര്യങ്ങളുളള വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. 6,500 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ നിര്‍മാണം . പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെര്‍മിനലിനുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോദ്ധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകത്തളങ്ങള്‍ ഭഗവാന്‍ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകള്‍, ചിത്രങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു.
ആവരണമുള്ള മേല്‍ക്കൂര സംവിധാനം, എല്‍ഇഡി പ്രകാശസംവിധാനം, മഴവെള്ള സംഭരണം, , ജലശുദ്ധീകരണ പ്ലാന്റ്, മലിനജലസംസ്‌കരണ പ്ലാന്റ്, സൗരോര്‍ജ്ജ പ്ലാന്റ് തുടങ്ങി ഗൃഹ 5 നക്ഷത്ര നിലവാരത്തിലുളള സൗകര്യങ്ങളൊരുക്കിയാണ് ടെര്‍മിനല്‍ സജ്ജീകരിച്ചിരിക്കുന്നത. വിനോദസഞ്ചാരം, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റെക്കോര്‍ഡ് കാലയളവില്‍, വെറും 20 മാസം കൊണ്ടാണ് അയോദ്ധ്യയിലെ വിമാനത്താവളം പൂര്‍ത്തിയാക്കിയതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ചെയര്‍മാനായ സഞ്ജീവ് കുമാര്‍ പറഞ്ഞു.











