പത്തനംതിട്ട: വ്യാപാരിയെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കഴുത്തുഞെരിച്ചാണ് അക്രമികൾ വ്യാപാരിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. മൈലപ്ര സ്വദേശി ജോർജ് ഉണ്ണുണ്ണിയെ ആണ് കഴിഞ്ഞ ദിവസം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയിൽ കൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒൻപതു പവന്റെ മാലയും പണവും നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ മോഷണ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനമെന്ന് പോലീസ് അറിയിച്ചിരുന്നു.
കൃത്യത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിനുള്ള പദ്ധതി വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ആണെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾക്കായി 46 ലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ജോർജ് ഉണ്ണുണ്ണിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാൻ എത്തിയ കൊച്ചുമകൻ ആയിരുന്നു മൃതദേഹം ആദ്യം കണ്ടത്. ഉടനെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വായിൽ തുണി തിരുകി കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം.
Discussion about this post