മുംബൈ : മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) ഉദ്ഘാടനം ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 21.8 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ചിട്ടുള്ള മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണ്. ആറുവരിപ്പാത ആയാണ് ഈ പാലം നിർമ്മിച്ചിട്ടുള്ളത്.
16.5 കിലോമീറ്റർ കടലിനു മുകളിലും ബാക്കി 5.5 കിലോമീറ്റർ കരയിലുമായാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് നിർമ്മിച്ചിട്ടുള്ളത്. 2018ലായിരുന്നു എംടിഎച്ച്എൽ പദ്ധതി നിർമ്മാണം ആരംഭിച്ചത്. എംടിഎച്ച്എൽ പ്രവർത്തനമാരംഭിക്കുന്നതോടെ മുംബൈയിലെ സെവ്രിക്കും റായ്ഗഡ് ജില്ലയിലെ നവ ഷെവ പ്രദേശത്തിനും ഇടയിലുള്ള യാത്രാ സമയം വലിയ രീതിയിൽ കുറയ്ക്കാൻ കഴിയും എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി.
നവി മുംബൈ ദേശീയ പാത 4 ബിയിൽ സെവ്രി, ശിവാജി നഗർ, ജസ്സി, ചിർലെ എന്നിവിടങ്ങളിൽ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന് ഇന്റർചേഞ്ചുകൾ ഉണ്ടാകും. മഹാരാഷ്ട്ര സംസ്ഥാനത്തെ രണ്ട് വലിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മുംബൈ പൂനെ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.








