കൊൽക്കത്ത : 25 വർഷത്തിനുശേഷം ബംഗാളിന്റെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നു. നന്ദിനി ചക്രവർത്തി ആണ് ബംഗാളിന്റെ പുതിയ ആഭ്യന്തര സെക്രട്ടറി. മുൻ ആഭ്യന്തര സെക്രട്ടറി ആയിരുന്ന ബിപി ഗോപാലിക സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതിനാലാണ് നന്ദിനി ചക്രവർത്തിയെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്.
ബംഗാളിലെ മുൻ ചീഫ് സെക്രട്ടറി ആയിരുന്ന എച്ച്‌കെ ദ്വിവേദിയെ മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യ ധനകാര്യ ഉപദേഷ്ടാവായി മൂന്ന് വർഷത്തേക്ക് നിയമിച്ചതോടെയാണ് സെക്രട്ടറിതലത്തിൽ അഴിച്ചുപണി നടത്തേണ്ടി വന്നത്.
1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഗോപാലിക മെയ് 31 ന് വിരമിക്കുന്നതിനാൽ അഞ്ച് മാസം മാത്രമേ ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരൂ. വീണ്ടും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമനം നടത്തേണ്ടി വരും.
ഇതിനുമുമ്പ് ഒരിക്കൽ മാത്രമായിരുന്നു ബംഗാളിന് ഒരു വനിത ആഭ്യന്തര സെക്രട്ടറി ഉണ്ടായിരുന്നത്. 25 വർഷങ്ങൾക്കു മുമ്പ് ജ്യോതി ബസു സർക്കാരിൽ ആഭ്യന്തര സെക്രട്ടറി ആയിരുന്ന ലിന ചക്രവർത്തി ആണ് ബംഗാളിലെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി. 1998 സെപ്തംബർ 7 വരെയായിരുന്നു അവർ ആ സ്ഥാനത്തുണ്ടായിരുന്നത്. ലേഡി ബ്രാബോൺ കോളേജിൽ ഭൂമിശാസ്ത്രത്തിൽ ബിരുദവും ജെഎൻയുവിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് റീജിയണൽ ഡെവലപ്‌മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം ഐഎഎസ് നേടിയ വ്യക്തിയാണ് പുതിയ ആഭ്യന്തര സെക്രട്ടറിയായ നന്ദിനി ചക്രവർത്തി.








