ധാക്ക : നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. ബംഗ്ലാദേശിലെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് അദ്ദേഹത്തിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. എന്നാൽ മുഹമ്മദ് യൂനുസിന് എതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിവിധ കോണുകളിൽ നിന്നും ആരോപണമുയർന്നു.
നൊബേൽ പുരസ്കാര ജേതാവും ബംഗ്ലാദേശിലെ പ്രശസ്ത സാമ്പത്തിക വിദഗ്ധനുമാണ് ഡോ. മുഹമ്മദ് യൂനുസ്. ദാരിദ്ര്യത്തിനെതിരേയുള്ള പ്രചരണത്തെത്തുടർന്ന് 2006ലാണ് അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. ആറുമാസത്തെ തടവിനാണ് ബംഗ്ലാദേശ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരിക്കുന്നത്.
83 കാരനായ യൂനുസ് തന്റെ പയനിയറിംഗ് മൈക്രോഫിനാൻസ് ബാങ്ക് വഴി ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തനാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദരിദ്രരുടെ രക്തം കുടിക്കുന്നു എന്ന അദ്ദേഹത്തിന്റെ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബംഗ്ലാദേശ് സർക്കാരിന് മുഹമ്മദ് യൂനുസിനോട് രാഷ്ട്രീയ ശത്രുത തോന്നാനുള്ള കാരണം ഇതാണെന്നാണ് ആരോപിക്കപ്പെടുന്നത്.
ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പു അടുക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് ശിക്ഷ ലഭിച്ചിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
Discussion about this post