ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി കേസിലെ വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. തർക്കത്തിന്റെ പഴക്കവും ചരിത്രവും വ്യത്യസ്ത വീക്ഷണകോണുകളും പരിഗണിച്ചായിരുന്നു ഒറ്റസ്വരത്തിൽ സുപ്രീംകോടതി തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരേ സ്വരത്തിലാണ് വിധി പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അയോദ്ധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ചന്ദ്രചൂഡ്.
അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചായിരുന്നു അയോദ്ധ്യ രാമജന്മഭൂമിതർക്ക കേസിൽ തീർപ്പുകൽപ്പിച്ചുള്ള വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചിൽ അംഗമായിരുന്നു ഡി.വൈ. ചന്ദ്രചൂഡ്. ഇവർക്ക് പുറമേ എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ, എസ്.എ. നസീർ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു. വിധിന്യായത്തിൽ അഞ്ചു ജഡ്ജിമാരുടെയും പേരുണ്ടെങ്കിലും അത് എഴുതിയതാര് എന്നു വ്യക്തമാക്കിയിരുന്നില്ല. ഇതു പതിവുള്ളതല്ല. സാധാരണഗതിയിൽ പ്രധാനവിധിയോടു വിയോജിച്ചും അനുകൂലിച്ചുമാണ് ബെഞ്ചിലെ മറ്റംഗങ്ങൾ പ്രത്യേക വിധിയെഴുതുന്നതെങ്കിൽ അയോധ്യ കേസിൽ അതും തിരുത്തപ്പെട്ടു. വിധിയോടു യോജിച്ചുതന്നെ, തനിക്കു കൂടുതലായി പറയാനുള്ള കാരണങ്ങൾ എന്ന നിലയ്ക്ക് ഒരു ജഡ്ജി അനുബന്ധമെഴുതി. അതാരാണെന്നും വ്യക്തമാക്കിയിരുന്നില്ല.
തർക്കഭൂമിയിൽ ക്ഷേത്രം പണിയണമെന്നായിരുന്നു വിധി. സുന്നി വഖഫ് ബോർഡിന് നഗരത്തിൽ തന്നെ സുപ്രധാനമായ സ്ഥലത്ത് മസ്ജിദ് പണിയാൻ അഞ്ചേക്കർ ഭൂമി അനുവദിക്കാനും ബെഞ്ച് ഉത്തരവിട്ടിരുന്നു. 2019 നവംബർ 9 നായിരുന്നു ചരിത്രവിധി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ സുപ്രീം കോടതി വിധി നിയമപ്രകാരമായ തീരുമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേസുകളിലെ വിധി വ്യക്തിപരമായി ബാധിക്കാറില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവർഗവിവാഹത്തിന് നിയമസാധുതയില്ലെന്ന ഭരണഘടനാ ബെഞ്ച് വിധിയിൽ ഒരു പശ്ചാത്താപവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ ഒരു കേസ് തീർപ്പാക്കിക്കഴിഞ്ഞാൽ, ഫലത്തിൽ നിന്ന് നിങ്ങൾ സ്വയം അകന്നുപോകും. ഒരു ജഡ്ജിയെന്ന നിലയിൽ ഫലങ്ങൾ ഒരിക്കലും ഞങ്ങൾക്ക് വ്യക്തിപരമല്ല. എനിക്കൊരിക്കലും ഖേദമില്ല. അതെ, ഞാൻ പല കേസുകളിലും ഭൂരിപക്ഷവും ചില കേസുകളിൾ ന്യൂനപക്ഷവുമാണ്. പക്ഷേ ഒരു ന്യായാധിപന്റെ ജീവിതത്തിന്റെ പ്രധാന ഭാഗം ഒരിക്കലും ഒരു കാരണവുമായി സ്വയം ബന്ധപ്പെടുത്തരുത്, ഒരു കേസിൽ തീരുമാനമെടുത്ത ശേഷം ഞാൻ അത് ഉപേക്ഷിക്കുന്നു.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടനയും നിയമവും അനുസരിച്ചാണ് ഞങ്ങൾ തീരുമാനിക്കുന്നത്. വിമർശനങ്ങളോട് പ്രതികരിക്കുന്നതോ എന്റെ വിധിക്കെതിരെ പ്രതിരോധം തീർക്കുന്നതോ ഉചിതമാണെന്ന് ഞാൻ കരുതുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.









