ഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. ആക്രമണം സംബന്ധിച്ച് പാകിസ്ഥാന് കൈമാറിയ തെളിവുകളില്‍ നടപടിയുണ്ടായില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നു. ഭീകരാക്രമണത്തോടെ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് സുരക്ഷാ ഉപദേഷ്ടാവ് വഴി വിവരങ്ങള്‍ കൈമാറിയത്. ഇന്ത്യയോട് കഴിയാവുന്നത്ര സഹകരിക്കുമെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍.
അതേ സമയം ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് വരുകയാണെന്നാണ് പാകിസ്ഥാന്റെ വിശദീകരണം. ഇന്ത്യയില്‍ നിന്ന് എന്ത് വിവരങ്ങളാണ് ലഭിച്ചതെന്ന് പാകിസ്ഥാന്‍ വെളിപ്പെടുത്തിയില്ല. ഒരേ മേഖലയും പൊതുവായ ചരിത്രവും പങ്കിടുന്ന രാജ്യങ്ങളെന്ന നിലക്ക് ഇന്ത്യയും പാകിസ്ഥാനും സംവാദപ്രക്രിയ തുടരണമെന്നും ഭീകരതയെ ചെറുക്കാന്‍ യോജിച്ച സമീപനമുണ്ടാകണമെന്നും പാക് വിദേശകാര്യ വക്താവിന്റെ പ്രസ്താവനയില്‍ പറയുന്നു.
ആക്രമണത്തിനുപിന്നില്‍ പാക് ബന്ധമുള്ള തീവ്രവാദ സംഘടന ജെയ്ഷ മുഹമ്മദ് ആണെന്ന് ഇന്ത്യ ആരോപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പ്രസ്താവന പുറപ്പെടുവിച്ചത്. വ്യോമതാവളം ആക്രമിച്ച ഭീകരരുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും ഇവര്‍ ബന്ധപ്പെട്ടവരുടെ നമ്പറുകളും അടക്കമുള്ള വിവരങ്ങളാണ് പാകിസ്ഥാന് കൈമാറിയതെന്ന് സൂചനയുണ്ട്. മാത്രമല്ല, ഭീകരരെ നിയന്ത്രിച്ചിരുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നതിന്റെ തെളിവുണ്ടെന്നും ഇന്ത്യ സൂചന നല്‍കിയിരുന്നു. അതിനിടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും സൈനിക മേധാവിയും ഇന്ന് പത്താന്‍കോട്ട് സന്ദര്‍ശിക്കും.
Discussion about this post