കൊച്ചി: കൊച്ചിയിലെ കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ടാണ് പ്രമുഖ സംവിധായകന് ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തിയതെന്ന് പോലിസിലെ ഉന്നത വൃത്തങ്ങള്‍ സ്തിരീകരിച്ചുവെന്നാണ് മംഗളത്തിന്റെ റിപ്പോര്‍ട്ട്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പത്രം പുറത്ത് കൊണ്ടു വന്നതോടെ പോലിസ് അന്വേഷണം സജീവമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിയതായുള്ള വിവരത്തെത്തുടര്‍ന്ന് ഇന്നലെ വിവിധ കഫേകളിലും റെസ്റ്റോറന്റുകളിലും പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയിരുന്നു.
ആഷിഖ് അബുവിന്റെ ‘കഫേ പപ്പായ’യ്ക്കു പുറമേ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളായ ഡ്രീം, ക്രൗണ്‍ പ്ലാസ എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തി. നേരത്തെ കൊക്കെയ്ന്‍ കേസില്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ള സിനിമാരംഗത്തെ പ്രമുഖര്‍ പോലീസ് നിരീക്ഷണത്തിലാണെന്ന മംഗളം വാര്‍ത്ത ചര്‍ച്ചയായിരുന്നു. വാര്‍ത്തയ്ക്കെതിരെ ആഷിഖ് അബുവും ഭാര്യയായ നടി റിമാ കല്ലിങ്കലും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.
വാര്‍ത്തയെഴുതിയ ലേഖകനെ കാരദമ്പതികള് വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും, എന്നാല്‍, വാര്‍ത്ത അപ്പാടെ ശരിവയ്ക്കുന്നതാണ് ആഷിഖ് അബുവിന്റെ സ്ഥാപനത്തില്‍ നടന്ന പോലീസ് റെയ്ഡെന്നും മംഗളം വാര്‍ത്ത സ്ഥാപിക്കുന്നു. വരും ദിവസങ്ങളില്‍ ചില സിനിമാ പ്രമുഖരെ കേസില്‍ ചോദ്യം ചെയ്യുന്നതയുള്പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചനയെന്നും വാര്‍ത്തയിലുണ്ട്.
മംഗളം വാര്‍ത്തയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് ആഷിഖ് അബു പറഞ്ഞിരുന്നെങ്കിലും ഇതുവരെ കേസ് നല്‍കിയതായി അറിവില്ല. നേരത്തെ മംഗളം പ്രസിദ്ദീകരിച്ച വിവാദമായ റിപ്പോര്‍ട്ട് ഓണ്‍ലൈനില്‍ മംഗളം പുനപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post