ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് കേസിലെ സെബിയുടെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായ ഗൗതം അദാനി. ‘സത്യം വിജയിച്ചു, അതാണ് കോടതി വിധിയിൽ കണ്ടതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘സത്യം ജയിച്ചുവെന്നാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയിലൂടെ കാണുന്നത്. സത്യമേവ ജയതേ. ഞങ്ങൾക്കൊപ്പം നിന്നവരോട് ഞാൻ നന്ദിയറിയിക്കുന്നു. ഇന്ത്യയുടെ വളർച്ചയിൽ ഞങ്ങളുടെ എളിയ സംഭാവന ഇനിയും തുടരും. ജയ് ഹിന്ദ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അന്വേഷിച്ച വിദഗ്ധ സമിതിയെ അനുകൂലിച്ച് സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ കോടതി തള്ളി. വിഷയത്തില്‍ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. സെബിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ വസ്തുതാപരമായി സ്ഥിരീകരിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക അന്വേഷണമെന്ന ആവശ്യം തള്ളിയത്. ഇത്തരമൊരു വിഷയത്തില്‍ ഭരണകൂടത്തിന്റെ റെഗുലേറ്ററി സംവിധാനത്തിലേക്ക് പ്രവേശിക്കാനാകില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post