വടക്കുകിഴക്കൻ ഭാരതത്തിൽ വൻ ദുരന്തം വിതയ്ക്കാൻ പദ്ധതിയിട്ട രാജ്യദ്രോഹികളുടെ ഭീകര നീക്കം തകർത്തെറിഞ്ഞ് വീണ്ടും ഇന്ത്യൻ സൈന്യത്തിന്റെ വൻ മുന്നേറ്റം. മണിപ്പൂരിലെ കാംജോങ് ജില്ലയിലെ ഷാങ്ഖലോക്ക്-പിലോങ് പാതയിൽ റോഡരികിൽ ഒളിപ്പിച്ചിരുന്ന 27 അതിമാരക ഐഇഡി (IED) സ്ഫോടകവസ്തുക്കൾ ഇന്ത്യൻ സൈന്യവും അസം റൈഫിൾസും ചേര്‍ന്ന് വിജയകരമായി കണ്ടെത്തി നിർവീര്യമാക്കി. പ്രദേശവാസികളെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് ഭീകരർ നടത്തിയ വൻ ഗൂഢാലോചനയാണ് സൈന്യത്തിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ പൊളിഞ്ഞത്.
ഇന്ത്യ-മ്യാൻമർ അതിർത്തി പങ്കിടുന്ന അതീവ തന്ത്രപ്രധാനമായ ഈ മേഖലയിൽ ഒക്ടോബർ 4 മുതൽ 7 വരെ 48 മണിക്കൂർ നീണ്ടുനിന്ന കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈന്യം വ്യാപകമായ തിരച്ചിൽ നടത്തിയത്. എട്ട് കിലോമീറ്റർ നീളമുള്ള പാതയിലുടനീളം ഘടിപ്പിച്ചിരുന്ന 27 സ്ഫോടകവസ്തുക്കളും അതിവിദഗ്ദ്ധമായി സൈന്യത്തിന്റെ ബോംബ് ഡിസ്പോസൽ സ്ക്വാഡും ഡ്രോണുകളും സ്നിഫർ നായ്ക്കളും ചേർന്ന് നിർവീര്യമാക്കുകയായിരുന്നു. മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദികളും ഭീകര സംഘടനകളുമാണ് റോഡരികിൽ ബോംബുകൾ സ്ഥാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനവും ക്രമസമാധാനവും പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരും ഭാരതീയ സൈന്യവും നടത്തുന്ന ഉറച്ച നീക്കങ്ങൾക്കുള്ള ഉദാഹരണമാണ് ഈ വിജയം. പ്രദേശവാസികൾക്ക് ഭയരഹിതമായി യാത്ര ചെയ്യാനും അവശ്യവസ്തുക്കൾ എത്തിക്കാനും സൈന്യത്തിന്റെ ഈ നീക്കം സുരക്ഷിതത്വമൊരുക്കി. 2023 മേയ് മാസത്തിൽ വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത് മുതൽ മണിപ്പൂരിൽ ക്രമസമാധാനം ഉറപ്പാക്കാനും ദേശവിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയാനും ഭാരതീയ സൈന്യം വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്.










