തിരുവനന്തപുരം: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം അടുത്തിരിക്കെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് നന്ദി പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിൻറെ പ്രപ്പോസൽ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്കും പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും സഹകരിച്ച എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ജനങ്ങൾക്കും പ്രത്യേക നന്ദി അറിയിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.
ഈ വരുന്ന ജനുവരി 5 ന് ആണ് റോഡിന്റെ ഉദ്ഘാടനം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചെറുതോണി പാലത്തിന്റെ ഉദ്ഘാടനവും മൂന്നാറിലെ ചടങ്ങിൽ മന്ത്രി നിർവഹിക്കും. 5ന് വൈകിട്ട് 4ന് പഴയ മൂന്നാർ കെഡിഎച്ച്പി കായിക മൈതാനത്താണ് ഉദ്ഘാടന വേദി. അന്നു രാവിലെ കാസർകോട്ടു നടക്കുന്ന ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി കൊച്ചിയിലെത്തും.
2017 സെപ്തംബറിലാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട മൂന്നാർ – ബോഡിമെട്ട് റോഡിന്റെ (42 കീ.മീ) നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 381.76 കോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിലുള്ള റോഡ് നിർമിച്ചത്.
ഇതിന് മുൻപ് ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോർഡടിച്ചുവെച്ചതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നേരെ ട്രോളുകൾ ഉയർന്നിരുന്നു. മലാപ്പറമ്പ് ദേശീയ പാത വികസനത്തിനു 454 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത് സ്വന്തം ഫോട്ടോ ചേർത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് റിയാസിന് നേരെ ട്രോൾ നിറഞ്ഞത്. ഇതിന് ശേഷം വളരെ ശ്രദ്ധാപൂർവ്വം കേന്ദ്രപദ്ധതിയുടെ ക്രഡിറ്റ് എടുക്കാതെ ഗതാഗതമന്ത്രിയ്ക്കും നന്ദി പറഞ്ഞ് തടിതപ്പിയിരിക്കുകയാണ് മന്ത്രി
Discussion about this post