അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന നേതാവുമായിരുന്ന വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നു. അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ നിന്നുമാണ് അവർ അംഗത്വം സ്വീകരിച്ചത്. രാഹുൽ ഗാന്ധിയും ചടങ്ങിൽ സന്നിഹിതനായിരരുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൾ കൂടയാണ് ശർമിള.
തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും തനിക്ക് ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഇന്ന്, വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസ് പാർട്ടിയിൽ ലയിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വൈഎസ്ആർ തെലങ്കാന പാർട്ടി ഇന്ന് മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാകാൻ പോകുന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു.രാഹുൽ ഗാന്ധിയെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണുക എന്നത് പിതാവിന്റെ സ്വപ്നമായിരുന്നു, അത് യാഥാർത്ഥ്യമാക്കുന്നതിൽ ഞാനും പങ്കാളിയാകാൻ പോകുന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
എഐസിസി ജനറൽ സെക്രട്ടറിപദവും ആന്ധ്രയുടെ ചുമതലയുമായിരിക്കും ശർമിളക്ക് നൽകുകയെന്നാണ് സൂചന.തെലങ്കാന തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ശർമിളയുടെ പാർട്ടി കോൺഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു.








