ലക്നൗ: രാജ്യത്തെ 140 കോടി ജനതയുടെ ശക്തിയെയും ധൈര്യത്തെയുമാണ് ഇന്ത്യൻ സൈന്യം പ്രതിനിധീകരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുരക്ഷിതവും പരമാധികാരവുമുള്ള ഒരു രാജ്യമെന്ന ലക്ഷ്യം നേടാൻ ശക്തമായ സൈന്യത്തിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ലക്നൗവിൽ ത്രി ദിന ‘നോ യുവർ ആർമി’ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലസ്ഥാനത്തിന് പുറത്ത് ആദ്യമായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും അദ്ദേഹം നന്ദിയറിയിച്ചു. ഇതിനായി ലക്‌നൗ സെൻട്രൽ കമാൻഡിനെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു. സംസ്ഥാനത്തെ യുവജനങ്ങൾക്ക് ഇന്ത്യൻ സൈന്യം എന്താണെന്നും സൈന്യത്തിന്റെ ധീരത എന്താണെന്നും തിരിച്ചറിയാനുള്ള ഏറ്റവും വലിയ അവസരമാണ് ഇത്. സിക്ക് സൈന്യത്തിന്റെ ധീരതാ പ്രകടനം അത്യുജ്ജലമാണ്. ഇത്തരം പുരാതനമായ ആയോധന കലയെ സൈന്യം ഉൾക്കൊള്ളുന്നത് വഴി പാരമ്പര്യത്തെ ആദരിക്കുക മാത്രമല്ല, സിക്ക് ഗുരുക്കളുടെ ത്യാഗത്തെയും സമർപ്പണത്തെയും അംഗീകരിക്കുക കൂടിയാണ്. സൈനിക ഉപകരണങ്ങളുടെ പ്രദർശനം കാണാൻ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സൈനികരുടെ ശക്തിയും ശൗര്യവും ദേശഭക്തിയും അറിയാനുള്ള അവസരം കൂടിയാണ് ‘നോ യുവർ ആർമി ഫെസ്റ്റിവൽ’ നമുക്ക് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുപി നായകന്മാരുടെ നാടാണ്. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി നടത്തിയ എല്ലാ പോരാട്ടത്തിനും യുപിയിലെ ജവാന്മാർ സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കുന്നതിൽ നമ്മുടെ ജവാന്മാർ സംസ്ഥാനത്തിന് അഭിമാനമായിട്ടുണ്ട്. സേനയിൽ നിന്നും വിരമിച്ചവരുടെ ക്ഷേമത്തെ കുറിച്ച് സർക്കാർ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപയും അവരുടെ ഒരു കുടുംബാംഗത്തിന് ജോലിയും യുപി സർക്കാർ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകാശത്തേക്ക് പല നിറത്തിലുള്ള ബലൂണുകൾ പറത്തിക്കൊണ്ടാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സൈനിക ഉപകരണങ്ങളുടെയും സംസ്ഥാനത്തിന്റെ ആയുധ ശേഖരങ്ങളുടെയും പ്രദർശനവും അദ്ദേഹം സന്ദർശിച്ചു. ഇതോടൊപ്പം ആധുധ ശേഖരങ്ങളെക്കുറിച്ചും സൈനിക ഉപകരണങ്ങളെക്കുറിച്ചും യോഗി ചോദിച്ചറിഞ്ഞു.
മന്ത്രി സ്വതന്ത്ര ദേവ് സിംഗ്, കമാൻഡിംഗ് ഇൻ ചീഫ് ഓഫ് സെൻട്രൽ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ എൻഎസ് രാജ സുബ്രമണി, ചീഫ് ഓഫ് സെൻട്രൽ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ മുകേഷ് ഛദ്ദ, സംസ്ഥാന ചീഫ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര, മുഖ്യമന്ത്രിയുടെ ഭരണ ഉപദേഷ്ടാവ് അവ്‌നിഷ് കുമാർ അവസ്തി, മുൻ മന്ത്രി ഡോ.മഹേന്ദ്ര സിംഗ്, മറ്റ് സൈനിക ഉദ്യോഗസ്ഥർ, സൈനികരുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post