ന്യൂഡൽഹി: മുസ്ലീം ഇതര വിദ്യാർത്ഥികൾ മദ്രസയിൽ പഠിക്കാൻ എത്തിയ സംഭവത്തിൽ ചീഫ് സെക്രട്ടറിമാരെ വിളിപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് നേരിട്ട് ഹാജരാകാൻ നിർദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കാനും കർശന നിർദ്ദേശമുണ്ട്.
ഹരിയാന, ആന്ധ്രാപ്രദേശ്, ചത്തീസ്ഗഡ്, ഗോവ, ഝാർഖണ്ഡ്, കർണാടക, കേരളം, മദ്ധ്യപ്രദേശ്, മേഘാലയ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെയാണ് വിളിപ്പിച്ചിരിക്കുന്നത്. ഇവർക്ക് പുറമേ ആൻഡമാൻ നിക്കോബാർ ചീഫ് സെക്രട്ടറിയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2022ലാണ് മുസ്ലീങ്ങൾ അല്ലാത്ത വിദ്യാർത്ഥികൾ മദ്രസയിൽ എത്തിയതുമായി ബന്ധപ്പെട്ട് കമ്മീഷന് വിവരം ലഭിച്ചത്.
കഴിഞ്ഞ ഒരു വർഷമായി സംസ്ഥാനങ്ങളോടും, കേന്ദ്രഭരണ പ്രദേശങ്ങളോടും വിഷയത്തിൽ കമ്മീഷൻ വിശദീകരണം തേടുകയും, വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും ഉണ്ടായില്ല. ഇതേ തുടർന്നാണ് ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്താൻ കമ്മീഷൻ തീരുമാനിച്ചത്.
മുസ്ലീങ്ങൾ അല്ലാത്ത വിദ്യാർത്ഥികളെ മദ്രസയിൽ ചേർക്കുന്നത് ആർട്ടിക്കിൾ 23 (3) ന്റെ ലംഘനമാണെന്ന് ബാലവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു. മതപരമായ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനം ആണ് മദ്രസ. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ കർശനമായും സ്‌കൂൾ വിദ്യാഭ്യാസം നേടണം. മദ്രസകളിൽ മുസ്ലീങ്ങൾ അല്ലാത്ത വിദ്യാർത്ഥികൾ എത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി വിഷയത്തിൽ റിപ്പോർട്ട് തേടുകയാണ്. മദ്രസകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post