കൊൽക്കത്ത: പൊതുവിതരണ സംവിധാനത്തിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെയാണ് ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി ഷാജഹാന്റെ വസതിയിലെത്തിയ ഇഡി സംഘത്തെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ്.
ഷാജഹാന്റെ നോർത്ത് 24 പർഗനാസിലെ വീട്ടിലായിരുന്നു ഇഡി എത്തിയത്. ഉദ്യോഗസ്ഥർ നിരവധി തവണ കോളിംഗ് ബെല്ലടിക്കുകയും വാതിലിൽ മുട്ടുകയും ചെയ്തു എങ്കിലും ആരും പുറത്തുവന്നില്ല. ഇഡി എത്തുന്ന വിവരം അറിഞ്ഞ് ഷാജഹാനും കുടുംബവും ഒളിവിൽ പോയി എന്നാണ് ഇഡി സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്.
വീട് തുറക്കാത്തതിനെ തുടർന്ന് ഇഡി ഉദ്യോഗസ്ഥർ പൂട്ട് തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതാണ് തൃണമൂൽ പ്രവർത്തകരെ ചൊടിപ്പിച്ചത്. തുടർന്ന് നൂറ് കണക്കിന് വരുന്ന പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും തൃണമൂൽ പ്രവർത്തകർ നശിപ്പിച്ചു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നടത്തിയ കണ്ടെത്തൽ.








