ഭുവനേശ്വര്‍:ഭര്‍ത്താവ് മരിച്ചെന്ന് കരുതി മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. പിന്നാലെ ഭര്‍ത്താവ് ജീവനോടെ എത്തി.മൃതദേഹം തിരിച്ചറിയുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് പറ്റിയ തെറ്റുമൂലമാണ് ഭര്‍ത്താവ് മരിച്ചെന്ന് കരുതി യുവതി ആത്മഹത്യ ചെയ്തത്. ഭുവനേശ്വറിലെ ആശുപത്രിയിലാണ് ദാരുണമായ സംഭവം.
ദിലീപ് അടക്കം മൂന്ന് എസി ടെക്നീഷ്യന്മാര്‍ എസി സര്‍വീസ് ചെയ്യുന്നതിനിടെ ആശുപത്രിയില്‍ പൊട്ടിത്തെറി ഉണ്ടായി. അതില്‍ മൂന്ന് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പൊട്ടിത്തെറിയില്‍ ശ്രീതം, ജ്യോതിരഞ്ജന്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ ജ്യോതിരഞ്ജന് പകരം മരിച്ചത് ദിലീപ് ആണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. മൃതദേഹം തിരിച്ചറിയുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് പറ്റിയ തെറ്റുമൂലമാണ്ലീപ് മരിച്ചെന്ന് വിശ്വസിച്ചത് എന്ന് കുടുംബം ആരോപിക്കുന്നു.
34കാരനായ ദിലീപ് മരിച്ചെന്ന് കരുതി, ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയ മറ്റൊരു ജീവനക്കാരന്റെ മൃതദേഹമാണ് കുടുംബം സംസ്‌കരിച്ചത്. ഇതിന് പിന്നാലെയാണ് ദിലീപിന്റെ ഭാര്യ ജീവനൊടുക്കിയത്. വീഴ്ച സംഭവിച്ച ആശുപത്രിക്കെതിരെ കുടുംബം പ്രതിഷേധിച്ചു. നിലവില്‍ ദിലീപ് അതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എസി ടെക്നീഷ്യന്മാര്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് വന്നവരാണ്. കമ്പനിയുടെ കോണ്‍ട്രാക്ടര്‍ പറഞ്ഞത് അനുസരിച്ചാണ് ഓരോരുത്തരെയും തിരിച്ചറിഞ്ഞതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.










