നമ്മുടെ നാട്ടിൻ പുറങ്ങളിലെല്ലാം സർവ്വ സാധാരണയായി കാണുന്ന ഒന്നാണ് നെല്ലിക്ക. പല വീടുകളിലും നെല്ലിക്ക മരം ഉണ്ടെങ്കിലും അതിൽ നിന്നും ഉണ്ടാകുന്ന നെല്ലിക്കയ്ക്ക് വലിയ പ്രാധാന്യം നൽകാറില്ല എന്നതാണ് വാസ്തവം. നെല്ലിക്കയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് നാം എല്ലാവരും കേട്ടിരിക്കും. പ്രമേഹ നിയന്ത്രണം മുതൽ ക്യാൻസർ പ്രതിരോധം വരെ നെല്ലിക്കയുടെ ഗുണങ്ങളാണ്. അതിനാൽ നിത്യവും നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പനിയും ജലദോഷവും തടയാൻ ഏറ്റവും മികച്ചതാണ് നെല്ലിക്ക. ഇതിന്റെ മെഡിസിനൽ, തെറാപ്പി ഗുണങ്ങളാണ് അസുഖങ്ങളെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്നത്. പനിയ്ക്കും ജലദോഷത്തിനും നൽകുന്ന ആയുർവേദ മരുന്നുകളിൽ നെല്ലിക്ക പ്രധാന ചേരുവയാണ്.
നെല്ലിക്കയിൽ ധാരാളം ആന്റിഓക്സിഡന്റുകളും, ആന്റിമ്യൂട്ടാജെനിക്കുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ അർബുദത്തെ ചെറുക്കാൻ നെല്ലിക്കയ്ക്ക് കഴിയും. അർബുദകോശങ്ങളുടെ വളർച്ച തടഞ്ഞ് ശരീരത്തെ സംരക്ഷിക്കുന്നു.
ചീത്ത കൊളസ്ട്രോൾ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ്. ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് ശമിപ്പിക്കാൻ നെല്ലിക്കയ്ക്ക് കഴിയും. ദിവസവും നെല്ലിക്ക ജ്യൂസ് ശീലമാക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ഉതകും.
കൊളസ്ട്രോൾ പോലെ തന്നെ പ്രമേഹ നിയന്ത്രണത്തിലും പ്രധാനപങ്ക് വഹിക്കാൻ നെല്ലിക്കയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിട്ടുള്ള ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയുന്നു.
മുടി സംരക്ഷണത്തിനായി പണ്ട് മുതലേ ഉപയോഗിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇത് കൊണ്ട് എണ്ണകാച്ചിയും, ഉണക്കിപ്പൊടിച്ചുമെല്ലാം തലയിൽ തേയ്ക്കാറുണ്ട്. നെല്ലിക്ക അകത്ത് കഴിയ്ക്കുന്നതും മുടി വളർച്ച് ഏറെ ഗുണകരമാണ്.
Discussion about this post