തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വൈദ്യുതി ഉപയോഗവും വൻ തോതിലുള്ള ലഭ്യതക്കുറവും മൂലം ഇന്നും നിയന്ത്രണം തുടരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി അപകടകരമായ രീതിയിൽ താഴുന്നതും കണക്കിലെടുത്ത് ബുധനാഴ്ച വൈകീട്ട് 06:15 മുതൽ രാത്രി 12:45 വരെ സംസ്ഥാനത്തുടനീളം ഘട്ടംഘട്ടമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ പ്രതിദിന ഉപയോഗം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മുൻദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ വരെ ഭീമമായ ലഭ്യതക്കുറവാണ് അനുഭവപ്പെടാൻ സാധ്യതയുള്ളത്. ഇതിന് പുറമെ മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ പ്രകാരം സംസ്ഥാനത്തിന് ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് സാങ്കേതിക തടസ്സങ്ങൾ കാരണം ലഭിക്കില്ല. ഇത് 200 മെഗാവാട്ടിന്റെ അധിക ക്ഷാമത്തിന് വഴിവെച്ചിട്ടുണ്ട്.
പ്രതിസന്ധി മറികടക്കാൻ കേന്ദ്ര പൂളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വൈദ്യുതി ഉയർന്ന തുക നൽകി വാങ്ങാനുള്ള ശ്രമങ്ങൾ കെ.എസ്.ഇ.ബി തുടരുകയാണ്. എങ്കിലും വൈകീട്ടത്തെ പീക്ക് അവറുകളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈകീട്ട് 6 മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ ജനങ്ങൾ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും എയർ കണ്ടീഷണറുകൾ, ഇൻഡക്ഷൻ സ്റ്റൗവുകൾ, പമ്പ് സെറ്റുകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.












