മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണവും വ്യാജരേഖ ചമയ്ക്കലും നടത്തിയ സംഭവത്തിൽ കേസെടുക്കാൻ നിർദേശം നൽകി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കടുത്ത നടപടി. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ ഒരു പൊതുച്ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
കർണാടകയിലെ ബൈന്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചുവെന്നാണ് ആന്റോ അഗസ്റ്റിൻ വെളിപ്പെടുത്തിയത്. വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ വന്നതെന്നും എന്നാൽ രേഖകളുടെ ആധികാരികതയിൽ സംശയം തോന്നിയതിനാൽ വാർത്ത നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതൃത്വം പൊലീസിനെ സമീപിച്ചത്.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത യുവാക്കളെ അടിയന്തരമായി കണ്ടെത്തി കഠിനമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നു പരാതിയിൽ വ്യക്തമാക്കുന്നു. വ്യക്തിഹത്യ നടത്താനും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുമാണ് ഈ വ്യാജരേഖയിലൂടെ ശ്രമം നടന്നത്. ചാനൽ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളായ യുവാക്കളെ തിരിച്ചറിയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിജിപിയിൽ നിന്ന് ലഭിച്ച പരാതിയിൻമേൽ അന്വേഷണം നടത്താൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണ സിറ്റി സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് ഉത്തരവ് കൈമാറി. ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിക്കാനും വ്യാജരേഖ ചമച്ചതിന് പിന്നിലെ രാഷ്ട്രീയ മാഫിയയെ കണ്ടെത്താനുമുള്ള നടപടികൾ സൈബർ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.












