ചെന്നൈ: ദ് ഹിന്ദു ദിനപത്രത്തിന്റെ എഡിറ്ററായ മാലിനി പാര്‍ത്ഥസാരഥി രാജിവെച്ചു. ഹിന്ദു പത്ര ചരിത്രത്തിലെ ആദ്യ വനിത എഡിറ്ററായിരുന്നു അവര്‍. ഇന്ന് രാവിലെ ട്വിറ്റര്‍ പ്രൊഫൈലിലെ ഡിസ്‌ക്രിപ്ഷനില്‍നിന്ന് ഹിന്ദുവിലെ എഡിറ്റര്‍ എന്ന കാര്യം മാലിനി നീക്കം ചെയ്തത് മുതല്‍ രാജി അഭ്യൂഹം സജീവമായിരുന്നു.
ഹിന്ദുവിന്റെ മുംബൈ എഡീഷന്‍ ആരംഭിച്ചപ്പോള്‍ ചെലവാക്കിയ വലിയ തുകയെ ചൊല്ലി മാലിനിയും കമ്പനി മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇത് തന്നെയാണ് മാലിനിയുടെ രാജിയില്‍ കൊണ്ടെത്തിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. മാലിനി പത്രത്തിന്റെ എഡിറ്ററായിരുന്ന സമയത്ത് പത്രത്തില്‍നിന്ന് ചില ഉന്നതര്‍ കലഹിച്ച് ഇറങ്ങി പോകുകയും ചെയ്തിരുന്നു.
മാലിനി രാജിവെച്ച ഒഴുവില്‍ സുരേഷ് നമ്പത്തിനെ കസ്തൂരി ആന്‍ഡ് സണ്‍സ് ബോര്‍ഡ് യോഗം ഇടക്കാല എഡിറ്ററായി നിയമിച്ചു. പത്രത്തിന്റെ നാഷ്ണല്‍ എഡിറ്ററായിരുന്നു സുരേഷ് നമ്പത്ത്. നേരത്തെ ഹിന്ദുവിന്റെ ഓപ്എഡ് എഡിറ്ററായിരുന്ന രാഹുല്‍ പണ്ഡിത, റൂറല്‍ അഫെയ്‌സ് എഡിറ്റര്‍ പി. സായ്‌നാഥ്, സ്ട്രാറ്റജിക് അഫെയ്‌സ് എഡിറ്ററും റസിഡന്റ് എഡിറ്ററുമായിരുന്ന പ്രവീണ്‍ സ്വാമി തുടങ്ങിയവരുടെ രാജി കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കിയിരുന്നു.
Discussion about this post