പകർച്ചവ്യാധികൾ തടയുന്നതിനായി ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി ആരോഗ്യകരമായി നിലനിർത്തുന്നതിന് ജീവിതശൈലി നിയന്ത്രണവും പോഷകാഹാരവും ആവശ്യമാണ്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിച്ചാൽ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താം. വിറ്റാമിൻ സി, ഡി തുടങ്ങിയ പല തരത്തിലുള്ള വിറ്റാമിനുകളും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിനും പ്രധാനമാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധശേഷി നിലനിർത്താൻ വിറ്റാമിൻ സി-യും ഡി-യും മാത്രം പോരാ. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ ബി-6, വിറ്റാമിൻ ഇ എന്നിവ ഉൾപ്പെടുത്തണമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. വിറ്റാമിൻ ബി-6 ന്റെ കുറവ് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ പ്രതികരണത്തെ ദുർബലപ്പെടുത്തുന്നു. മസ്തിഷ്ക വികസനത്തിനും നാഡീവ്യൂഹത്തിനും രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും വിറ്റാമിൻ ബി-6 അത്യാവശ്യമാണ്. കോഴി, മത്സ്യം, ഉരുളക്കിഴങ്ങ്, ചെറുപയർ, വാഴപ്പഴം എന്നിവയെല്ലാമാണ് ഈ പോഷകത്തിന്റെ പ്രധാന ഉറവിടം.
വിറ്റാമിൻ ഇ മനുഷ്യ ശരീരത്തിൽ ശക്തമായ ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ അണുബാധയ്ക്കെതിരെ പോരാടാൻ സഹായിക്കുന്നു. ഒപ്പം രക്തക്കുഴലുകൾ വികസിപ്പിക്കുന്നതിനും അതുവഴി അവയിൽ കട്ടപിടിക്കുന്നത് തടയാനും വിറ്റാമിൻ ഇ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ മുഴകളുടെ വളർച്ച തടയുന്നതിനും ക്യാൻസറിൽ നിന്നും പല തരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ്.
Discussion about this post