ലക്നൗ : അയോധ്യയിലെ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്ന ജനുവരി 22 ഉത്തർപ്രദേശ് സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചു. അന്നേദിവസം സംസ്ഥാനത്ത് സ്കൂളുകളോ കോളേജുകളോ തുറക്കുകയില്ല. ജനുവരി 22ന് മദ്യ വില്പനശാലകളും തുറക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളോടുള്ള സാധാരണക്കാരുടെ വൈകാരിക ബന്ധം കണക്കിലെടുത്താണ് ജനുവരി 22 ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയത്. പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ദിവസത്തെ ‘ദേശീയ ഉത്സവം’ എന്നാണ് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്.
ചൊവ്വാഴ്ച അയോധ്യ സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാം ലല്ലയുടെയും ഹനുമാൻ ഗർഹിയുടെയും താൽക്കാലിക ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മകരസംക്രാന്തിക്ക് ശേഷം ആരംഭിക്കുന്ന പ്രാണപ്രതിഷ്ഠയുടെ വൈദിക ആചാരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനു ശേഷമുള്ള ദിവസങ്ങളിൽ ധാരാളം തീർത്ഥാടകർ അയോധ്യയിലേക്ക് എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ ഒരുക്കങ്ങൾ കൃത്യമായി വിലയിരുത്താനും നിരീക്ഷിക്കാനും അദ്ദേഹം അതത് വകുപ്പുകളുടെ ഭരണാധികാരികൾക്ക് നിർദ്ദേശം നൽകി. ജനുവരി 22ന് ശേഷം ലോകമെമ്പാടുമുള്ള രാമഭക്തർ അയോധ്യയിലെത്തും. അവരുടെ സൗകര്യാർത്ഥം നഗരത്തിലുടനീളം വിവിധ ഭാഷകളിലുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിലും ഐക്യരാഷ്ട്രസഭയുടെ 06 ഭാഷകളിലും ദിശകളും സ്ഥലങ്ങളും കൃത്യമായി വ്യക്തമാക്കുന്ന സൈൻ ബോർഡുകൾ ഉണ്ടാകണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post