ലക്നൗ: ഈ മാസം 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ അയോദ്ധയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ജനുവരി 16ന് പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായ ചടങ്ങുകൾ ആരംഭിക്കും. പ്രാണപ്രതിഷ്ഠക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ അയോദ്ധ്യയിലെ പൂർത്തിയായ ഒരുക്കങ്ങളുടെ വിവരങ്ങൾ അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു.
പരിമിതമായ ആളുകളെ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ജനുവരി 22ന് അയോദ്ധ്യ ക്ഷേത്രം ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷേത്രം നിർമിച്ച തൊഴിലാളികളുടെ കുടുംബങ്ങളും ചടങ്ങിൽ പങ്കെടുക്കും. 11000 അതിഥികളെ സ്വീകരിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ജനുവരി 12 മുതൽ അയോദ്ധ്യയിലെത്തുന്ന അതിഥികൾക്ക് സനാതൻ സേവാ ന്യാസിൽ നിന്നും ശ്രീരാമനുമായി ബന്ധപ്പെട്ട സ്നേഹ ചിഹ്നം ലഭിക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്നഅ അതിഥികൾക്കുള്ള സമ്മാനമായി ശ്രീരാമനുമായ ബന്ധപ്പെട്ട പ്രതീകം നൽകും. ദർശനത്തിന് ശേഷം ആളുകൾക്ക് ഈ ചിഹ്നം പ്രസാദത്തോടൊപ്പം നൽകുമെന്ന് സനാതൻ സേവാ ന്യാസ് സ്ഥാപകൻ ശിവോം മിശ്ര അറിയിച്ചു.
അതിഥികൾക്കുള്ള ഈ സമ്മാനം രണ്ട് പെട്ടികളിലായി ആയിരിക്കും നൽകുക. പശുവിൻ പാലിൽ നിന്ന് ലഭിക്കുന്ന നെയ്യിൽ നിന്ന് ഉണ്ടാക്കുന്ന ലഡ്ഡു, രാമാനന്ദി പാരമ്പര്യമനുസരിച്ച് വിശുദ്ധ തുളസി ഇല എന്നിവ അടങ്ങിയ പ്രസാദമായിരിക്കും ഒരു പെട്ടിയിൽ ഉണ്ടായിരിക്കുക. രരണ്ടാമത്തെ പെട്ടിയിൽ ശ്രീരാമനുമായി ബന്ധപ്പെട്ട വസ്തുക്കളാകും ഉണ്ടാകുക. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനായി എടുത്ത മണ്ണ്, അയോദ്ധ്യയിലെ മണ്ണ്, സരയൂ നദിയിലെ വെള്ളം എന്നിവയാണ് രണ്ടാമത്തെ പെട്ടിയിൽ. ഇതോടൊപ്പം, രാമക്ഷേത്രവുമായി ബന്ധപ്പെട്ട പിച്ചള തകിടും വെള്ളി നാണയവും ഈ രണ്ട് പെട്ടികളും സൂക്ഷിക്കാൻ തയ്യാറാക്കിയ പ്രത്യേക ബാഗും നൽകും.
Discussion about this post