തിരുവനന്തപുരം : രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുന്നത് ആശ്വാസകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. സമസ്തയും മുസ്ലിം ലീഗും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നുള്ളത് അടിസ്ഥാനരഹിതമാണ് എന്നും സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം ഉദ്ഘാടനം കേവലമൊരു രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലായി. ആ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷ്ഠാദിന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ആശ്വാസം ഉണ്ടെന്നാണ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത്. രാമക്ഷേത്രത്തിന് മുസ്ലിം ലീഗ് എതിരല്ലെന്നും എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ പ്രധാനമാണെന്നും സാദിഖ് അലി തങ്ങൾ കൂട്ടിച്ചേർത്തു.
മുസ്ലിംലീഗ് സമസ്തയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സാദിഖ് അലി തങ്ങൾ വ്യക്തമാക്കി. മുസ്ലിം ലീഗിന് സമസ്തയും സമസ്തയ്ക്ക് മുസ്ലിം ലീഗും ആവശ്യമാണ്. എപ്പോഴും യോജിച്ചു പോകുന്ന പ്രസ്ഥാനങ്ങൾ ആണ് സമസ്തയും, മുസ്ലിം ലീഗും. ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും എവിടെയും ഉണ്ടാകില്ല എന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
Discussion about this post