ലക്നൗ: ചരിത്രപ്രധാനമായ അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള കാത്തിരിപ്പിലാണ് രാജ്യം മുഴുവനും. വർഷങ്ങൾക്കിപ്പുറം രാമൻ വീണ്ടും അയോദ്ധ്യയിൽ തിരികെ എത്തുന്നതിന്റെ ആവേശത്തിലാണ് അയോദ്ധ്യാ നിവാസികൾ. ഭഗവാൻ ശ്രീരാമനെപ്പോലെ തന്നെ അയോദ്ധ്യയിലെ ജനങ്ങളുടെയും വനവാസം ഇതോടെ അവസാനിക്കുകയാണെന്ന് അയോദ്ധ്യാ നിവാസികൾ പറയുന്നു.
വീണ്ടും രാമക്ഷേത്രം ഉയർന്നതോടെ അയോദ്ധ്യയിൽ വന്ന മാറ്റം അത്ഭുതകരമാണെന്ന് അയോദ്ധ്യാ നിവാസികൾ പറയുന്നു. വലിയ മാറ്റമാണ് ഇവിടെ ഉണ്ടായത്. പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും വലിയ മാറ്റമാണ് രാമക്ഷേത്രം സാദ്ധ്യമായതോടെ ഉണ്ടായത്. വരുമാനത്തിൽ വളരെയധികം മാറ്റമുണ്ടായതായി അയോദ്ധ്യയിലെ വ്യാപാരികൾ പറയുന്നു.
‘അയോദ്ധ്യയിലെ മാറ്റത്തിന് എല്ലാവരും സാക്ഷിയാണ്. തൊഴിലവസരങ്ങളിലും വരുമാനത്തിലും വലിയ ഉയർച്ചയുണ്ടായി. ആയിരമോ രണ്ടായിരമോ സമ്പാദിച്ചിരുന്ന കച്ചവടക്കാർ ഇപ്പോൾ പതിനായിരത്തിലധികം സമ്പാദിക്കുന്ന സ്ഥിതിയിലേക്കെത്തി. വഴിയോരങ്ങളിൽ പ്ലാസ്റ്റിക് ടെന്റുകൾ കെട്ടിയാണ് പലരും കച്ചവടം നടത്തിയിരുന്നത്. യോഗി ആദിത്യനാഥ് ഭരണത്തിൽ വന്നതിന് ശേഷം കച്ചവടക്കാർ പുതിയ കെട്ടിടങ്ങൾ പണിത് നൽകി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വലിയ മാറ്റങ്ങളാണ് അയോദ്ധ്യയിൽ ഉണ്ടായത്. അയോദ്ധ്യയിലെ ഈ വികസനം കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നതെന്നും അയോദ്ധ്യ നിവാസികൾ പറയുന്നു.
ഈ മാസം 22ന് പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ 16-ാം തിയതി മുതൽ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിക്കും. വാരണാസിയിൽ നിന്നുള്ള ലക്ഷ്മി കാന്ത് ദീക്ഷിത് ആണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ചടങ്ങിന് മുന്നോടിയായി വിപുലമായ ആഘോഷങ്ങളാണ് അയോദ്ധ്യയിൽ ഒരുക്കിയിരിക്കുന്നത്. 1008 ഹുണ്ടി മഹായാഗവും അതേദിവസം നടക്കും.








