ഭോപ്പാല്‍: 44 വര്‍ഷം നീണ്ടു നിന്ന മൗനവ്രതം രാമനാമ ജപത്തോടെ അവസാനിപ്പിക്കാനൊരുങ്ങി മധ്യപ്രദേശിലെ മൗനിബാബ. 1980 മുതല്‍ നിശബ്ദതയുടെ ആത്മീയ സൗന്ദര്യത്തില്‍ ലയിച്ചിരുന്ന അദ്ദേഹം, അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ചാണ് വ്രതം അവസാനിപ്പിക്കുന്നത്.
തന്റെ പത്താം വയസ്സിലാണ് അദ്ദേഹം അങ്ങേയറ്റം കഠിനമായ മൗനവ്രതം ആരംഭിച്ചത്. അന്ന് മുതല്‍ മൗനിബാബ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 92ലെ കര്‍സേവയില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം മോഹന്‍ ഗോപാല്‍ ദാസ് എന്നാണ്.
മൗനവ്രതം ആരംഭിച്ച നാള്‍ മുതല്‍ ചോക്കും സ്ലേറ്റും ഉപയോഗിച്ചാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത്. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിച്ച് അതില്‍ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിച്ചാല്‍ മാത്രമേ താന്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയുള്ളൂ എന്ന് 1984ല്‍ പ്രതിജ്ഞ എടുത്ത അദ്ദേഹം അന്ന് മുതല്‍ ഇന്നോളം നഗ്നപാദനായാണ് സഞ്ചാരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്‌തനാണ് താനെന്ന് പറഞ്ഞ അദ്ദേഹം, വനവാസം കഴിഞ്ഞെത്തുന്ന ശ്രീരാമനെ വരവേല്‍ക്കാന്‍ തന്റെ മനസ്സ് തപിക്കുകയാണെന്നും പറഞ്ഞു. സൂര്യനഗറിലെ പുലവോ ബാലാജി സ്വദേശിയായ അദ്ദേഹം മദ്ധ്യപ്രദേശിലെ ദതിയയിലെ ക്ഷേത്രങ്ങളിലാണ് വസിക്കുന്നത്.
മൗനിബാബക്ക് പുറമേ, രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെ മൗനവ്രതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഝാര്‍ഖണ്ഡിലെ മൗനിമാത സരസ്വതി ദേവി. 30 വര്‍ഷമായി മൗനവ്രതം ആചരിച്ച് വരികയാണ് മൗനിമാത. 92ലെ തര്‍ക്ക മന്ദിരത്തിന്റെ തകര്‍ച്ചയോടെ മൗനവ്രതം ആരംഭിച്ച മൗനിമാത, സരയൂതീരത്ത് ശ്രീരാമന്‍ കുടിയിരിക്കുന്ന കാലത്ത് മാത്രമേ മൗനം ഭഞ്ജിക്കൂ എന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
Discussion about this post