തൃശൂർ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തിയേക്കും. ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം റോഡ് മാർഗം തൃപ്രയാർ ക്ഷേത്രത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രധനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് തൃപ്രയാർ ക്ഷേത്രത്തിൽ പോലീസ് സുരക്ഷാ പരിശോധന നടത്തും.
ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ബുധനാഴ്ച ഗുരുവായൂരിൽ എത്തുക. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. ബുധനാഴ്ച്ച രാവിലെ ഏഴ് മണിക്ക് മുൻപ് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ നിന്ന് റോഡ് മാർഗം ഗുരുവായൂരിലെത്തും. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം ഗുരുവായൂരിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 8.45 ഓടെ വിവാഹത്തിൽ പങ്കെടുക്കും. ഇതിന് ശേഷമാകും തൃപ്രയാർ ക്ഷേത്ര ദർശനം.
പിന്നീട് കൊച്ചിയിൽ തിരികെ എത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
Discussion about this post