ന്യൂഡൽഹി: ബാങ്കിംഗ് രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക്. ബാങ്കിന്റെ ഗുണഭോക്താക്കളുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടതായി ഐപിപിബി അറിയിച്ചു.
ഐപിപിബി അതിന്റെ ആരംഭത്തിൽ തന്നെ രാജ്യത്തിന്റെ എല്ലാ കോണിലെ ജനങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ബാങ്കിംഗ് സൗകര്യങ്ങൾ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. രാജ്യത്തെ ജനങ്ങൾ ഐപിപിബിയിൽ വച്ചിരിക്കുന്ന ആത്മവിശ്വാസവും പ്രതീക്ഷയുമാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്. ജനങ്ങൾക്കിടയിലുള്ള സാമ്പത്തികമായ അന്തരം ഇല്ലാതാക്കാനും താഴേക്കിടയിലുള്ള ആളുകളുടെ ശാക്തീകരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് എന്ന സ്ഥാപനം രൂപീകരിച്ചത്.
ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നവർ ഉൾപ്പെടെയുള്ള വിവിധ മേഖലയിൽ നിന്നുള്ള ആളുകളുടെ ശാക്തീകരണം ഉറപ്പാക്കുന്നതിൽ ഐപിപിബി ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും ഐപിപിബി വളർച്ച കൈവരിച്ചതോടെ രാജ്യത്തിന്റെ എല്ലാ കോണിലേക്കും തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞു.
‘എട്ട് ലക്ഷം ഗുണഭോക്താക്കൾ എന്ന സുപ്രധാന നാഴികക്കല്ല് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കിന് പിന്നിടാൻ കഴിഞ്ഞതിന്റെ സന്തോഷം ഏവരെയും അറിയിക്കുന്നു. ഓരോ ഇന്ത്യക്കാർക്കും അവരുടെ സ്ഥലമോ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാനുള്ള ഞങ്ങളുടെ ലക്ഷ്യം വിജയത്തിലേക്കെത്തിയതിന്റെ തെളിവാണ്’- ഐപിപിബിയുടെ എംഡിയും ഇടക്കാല സിഇഒയുമായ ഈശ്വരൻ വെങ്കിടേശ്വരൻ പറഞ്ഞു.
ഈ നേട്ടം ആഘോഷിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്കും, ഓഹരിഉടമകൾക്കും, ഐപിപിബിയുടെ മുഴുവൻ അംഗങ്ങൾക്കും നന്ദിയറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 100% ഇക്വിറ്റിയോടെ കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ തപാൽ വകുപ്പിന് കീഴിലാണ് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സ്ഥാപിതമായത്. 2018 സെപ്റ്റംബർ 1-നാണ് ഐപിപിബി സേവനമാരംഭിച്ചത്. രാജ്യത്തെ സാധാരണക്കാർക്ക് ഏറ്റവും എളുപ്പം സമീപിക്കാവുന്നതും താങ്ങാവുന്നതുമായ വിശ്വസനീയമായ ഒരു ബാങ്ക് എന്ന ലക്ഷ്യത്തോടെയാണ് ഐപിപിബി സ്ഥാപിതമായത്. സിബിഎസ് സംയോജിത സ്മാർട്ട്‌ഫോണിലൂടെയും ബയോമെട്രിക് ഉപകരണത്തിലൂടെയും ഉപഭോക്താക്കളുടെ വാതിൽപ്പടിയിൽ ലളിതവും സുരക്ഷിതവുമായ രീതിയിൽ ഐപിപിബി പേപ്പർലെസ്, ക്യാഷ്‌ലെസ്, ബാങ്കിംഗ് സാധ്യമാക്കുന്നു.
Discussion about this post