തിരുവനന്തപുരം: അനാവശ്യമായി കെഎസ്ആർടിസി ബസ് സ്റ്റാർട്ട് ചെയ്ത് ഇന്ധനം പാഴാക്കുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ നടപടി. ബസിലെ താത്കാലിക ഡ്രൈവറെ പിരിച്ചുവിട്ടു. രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
പാറശ്ശാല ഡിപ്പോയിലെ ബദലി ഡ്രൈവർ പി.ബൈജുവിനെയാണ് പിരിച്ചു വിട്ടത്. കണ്ടക്ടർ രജിത്ത് രവി, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാർജ്ജ്മാൻ കെ.സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് തടയാത്തതിനാണ് കണ്ടക്ടർ ശ്രീജിത് രവിയെ സസ്പെൻഡ് ചെയ്തത്.ബസിന്റെ തകരാറ് സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോർട്ട് ഉണ്ടായിരിന്നിട്ടും പരിഹരിക്കാതിരുന്നതിനാണ് ഗാരേജിന്റെ ചുമതല വഹിച്ചിരുന്ന ചാർജ്മാനെ സസ്പെൻഡ് ചെയ്തത്.
ഈ മാസം 9 നായിരുന്നു സംഭവം. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സി.എം.ഡി ബിജു പ്രഭാകർ എത്തിയപ്പോഴാണ് നെയ്യാറ്റിൻകര- കളിയിക്കാവിള ബസ് ബേയിൽ യാത്രക്കാരെ കയറ്റുന്നതിനായി പാർക്ക് ചെയ്തിരുന്ന ബസ് കണ്ടക്ടറോ, ഡ്രൈവറോ ഇല്ലാതെ സ്റ്റാർട്ട് ചെയ്തു നിറുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അന്വേഷിച്ചപ്പോൾ സെൽഫ് എടുക്കാത്തതു കൊണ്ടാണെന്ന് ഡ്രൈവർ പി.ബൈജു പരുഷമായി മറുപടി പറഞ്ഞു.
Discussion about this post