ചിത്വാൻ: ഇന്ത്യൻ നമ്പർ പ്ലേറ്റുളള ജീപ്പ് നേപ്പാളിലെ ചിത്വാനിലുള്ള ത്രിശൂലി നദിയിൽ വീണ നിലയിൽ. ഇന്ന് രാവിലെയോടെയാണ് വാഹനം കണ്ടെത്തിയത്.
ഏതോ വാഹനം പുലർച്ചെ നദിയിലേക്ക് വീണതായി പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്ഷ്യകമാന പ്രദേശത്തെ ആളുകളാണ് നദിയിൽ വാഹനം വീണതായി സംശയം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. മുങ്ങൽ വിദഗ്ദർ എത്തിയാണ് നദിക്കുള്ളിൽ ഇറങ്ങി വാഹനം കണ്ടെത്തുകയും ജീപ്പ് ആണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.
റോഡിൽ നിന്നും തെന്നി 85 മീറ്റർ താഴച്ചയിലേക്കാണ് ജീപ്പ് വീണതെന്ന് ഡിഎസ്പി ശ്രീരാം ബന്ദരി അറിയിച്ചു. വാഹനത്തിലെ യാത്രക്കാരുടെ അവസ്ഥ ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, നേപ്പാളിലെ ദാങ് ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ റോഡപകടത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർ മരിച്ചിരുന്നു. അപകടത്തിൽ മരിച്ചവരിൽ എട്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ. കാഠ്മണ്ഡുവിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് പാലത്തിൽ നിന്നും നിയന്ത്രണം വിട്ട് രാപ്തി നദിയിലേക്ക് വീഴുകയായിരുന്നു.
Discussion about this post