ശ്രീനഗർ: അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മരുമകനെ കാണാൻ അനുവാദം നൽകണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ച് ഭീകരവാദകേസിലെ പ്രതിയും പിഡിപി നേതാവുമായ വഹീദ് പാര. ആൾ ഇന്ത്യ മെഡിക്കൽ സയൻസിൽ ചികിത്സയിൽ കഴിയുന്ന മരുമകനെ കാണാൻ ഡൽഹിയിലേക്ക് പോകണമെന്നാണ് ആവശ്യം. അതേസമയം വഹീദ് പാരയുടെ ആവശ്യം എൻഐഎ എതിർത്തു.
എൻഐഎ പ്രത്യേക കോടതിയിൽ ആണ് വഹീദ് പാര ഡൽഹിയിലേക്ക് പോകാൻ അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ഏഴ് വയസ്സുള്ള മരുമകൻ ഗുരുതരാവസ്ഥയിൽ ആണെന്നും അതിനാൽ കാണാനായി ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ അനുവാദം നൽകണം എന്നുമായിരുന്നു വഹീദ് പാരയുടെ അഭ്യർത്ഥന. എന്നാൽ യാത്രയ്ക്ക് അനുമതി നൽകിയാൽ വഹീദ് രാജ്യം വിടാൻ സാദ്ധ്യതയുണ്ടെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്.
കേസിൽ നിലവിൽ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. ഇതിനിടയിൽ യാത്രയ്ക്ക് അനുമതി നൽകിയാൽ പാര രാജ്യം വിടാൻ സാദ്ധ്യതയുണ്ട്. കേസിൽ നിലവിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. വിചാരണ ഉടൻ തുടരും. ഇതിനിടെ വഹീദ് പാര നാട് വിട്ടാൽ അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി.
ഭീകരവാദ കേസിൽ കർശന ഉപാധികളോടെയാണ് വഹീദ് പാരയ്ക്ക് എൻഐഎ കോടതി ജാമ്യം നൽകിയത്. അതിൽ പ്രധാന വ്യവസ്ഥ ആയിരുന്നു ജമ്മു കശ്മീർവിട്ട് പോകരുത് എന്നത്. കേസിൽ വിചാരണ പൂർത്തിയായി വിധിവരും വരെ കശ്മീരിന് പുറത്തേക്ക് യാത്ര പാടില്ലെന്നായിരുന്നു നിർദ്ദേശം. ഇതേ തുടർന്നാണ് അപേക്ഷയുമായി പാര എൻഐഎ കോടതിയെ സമീപിച്ചത്.
Discussion about this post