ന്യൂഡൽഹി : യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ മറാത്ത സൈനിക ഭൂപ്രകൃതികൾ. ലോക പൈതൃക സമിതിയുടെ 47 -ാമത് സെഷനിൽ ആണ് മറാത്ത സൈനിക ഭൂപ്രകൃതികളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് ലോകത്തിനു മുൻപിൽ ലഭിച്ചിരിക്കുന്ന വലിയൊരു അംഗീകാരം കൂടിയാണിത്. ഈ സുപ്രധാന നേട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു.
ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. മഹാരാഷ്ട്രയിലെ 11 ഉം തമിഴ്‌നാട്ടിലെ ഒരു കോട്ടയും ഉൾപ്പെടെ 12 മഹത്തായ കോട്ടകൾ ഉൾപ്പെടുന്ന മറാത്ത സൈനിക ഭൂപ്രകൃതികൾ മറാത്ത സാമ്രാജ്യത്തിന്റെ നല്ല ഭരണം, സൈനിക ശക്തി, സാംസ്കാരിക അഭിമാനം, അനീതിക്കെതിരായ പ്രതിരോധം എന്നിവയുടെ പാരമ്പരമാണ് എടുത്തു കാണിക്കുന്നത് എന്നും മോദി വ്യക്തമാക്കി.
പതിനേഴാം നൂറ്റാണ്ടിനും പത്തൊൻപതാം നൂറ്റാണ്ടിനും ഇടയിൽ വികസിപ്പിച്ചെടുത്ത കോട്ടകൾ ആണ് മറാത്ത സൈനിക ഭൂപ്രകൃതികൾ എന്നറിയപ്പെടുന്നത്. ഇതിഹാസ മറാത്ത രാജാവ് ഛത്രപതി ശിവാജി മഹാരാജ് സഹ്യാദ്രി പർവതനിരകളുടെ ദുർഘടമായ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തന്ത്രപരമായ രൂപകൽപ്പന നടത്തിയിട്ടുള്ളതാണ് ഈ കോട്ടകൾ. മഹാരാഷ്ട്രയിലെ സാൽഹെർ, ശിവ്‌നേരി, ലോഹ്ഗഡ്, ഖണ്ഡേരി, റായ്ഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവർണദുർഗ്, പൻഹാല, വിജയദുർഗ്, സിന്ധുദുർഗ് എന്നിവയും തമിഴ്‌നാട്ടിലെ ജിംഗി കോട്ടയും ഉൾപ്പെടുന്നതാണ് മറാത്ത സൈനിക ഭൂപ്രകൃതികൾ.
Discussion about this post