ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ദിവസങ്ങൾ ബാക്കി നിൽക്കേ കർസേവകപുരം സന്ദർശിച്ച് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം കർസേവകപുരത്ത് എത്തിയത്.അയോദ്ധ്യയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയായാണ് കർസേവകപുരം.
രാവിലെയോടെയായിരുന്നു ചമ്പത് റായ് കർസേവകപുരത്ത് എത്തിയത്. ട്രസ്റ്റിലെ മറ്റ് ചില അംഗങ്ങളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പ്രാണപ്രതിഷ്ഠയ്ക്കായി എത്തുന്നവർക്ക് താമസത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് ഇവിടെയാണ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം നേരിട്ട് എത്തിയത്. ആയിരം പേർക്ക് താമസിക്കാവുന്ന വീടുകൾ ആണ് ഇവിടെ ഒരുക്കുന്നത്.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് കർസേവകപുരം. രാമജന്മഭൂമി പ്രസ്ഥാനത്തിനായി പോരാടിയ വീരന്മാർ അറസ്റ്റിൽ നിന്നും രക്ഷയ്ക്കായി അഭയം പ്രാപിച്ചത് ഇവിടെയായിരുന്നു. ഇവിടുത്തെ കാര്യശാലയിൽ ആയിരുന്നു ക്ഷേത്രത്തിനായുള്ള തൂണുകളുടെ കൊത്തുപണികൾ നടന്നത്.
അടുത്ത തിങ്കളാഴ്ചയാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള എല്ലാ മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.









