പാരീസ്: ജനുവരി 22 ന്റെ ശ്രീരാമ പട്ടാഭിഷേക ചടങ്ങിന്റെ ആവേശത്തിലാണ് ഭാരതം മുഴുവനും. നൂറ്റാണ്ടുകളായുള്ള കോടിക്കണക്കിനു ഭാരതീയരുടെ സഹനത്തിനും കാത്തിരിപ്പിനും അപമാനഭാരത്തിനും ജനുവരി 22 ന് പരിസമാപ്തിയാവുകയാണ്. ഈ അസുലഭ നിമിഷത്തെ ആദരിക്കുവാൻ സ്നേഹത്തിന്റെ രാജ്യമായ ഫ്രാൻസിൽ രാമ രഥ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം രാമഭക്തർ
150-നും 200-നും ഇടയിൽ ആളുകൾ യാത്രയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാൻസിലെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയുടെ മുഖ്യ സംഘാടകനും പ്രസിഡന്റുമായ അവിനാഷ് മിശ്ര പറഞ്ഞു. പൂജയ്ക്കും സാംസ്കാരിക പരിപാടികൾക്കുമായി കൂടുതൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നതിനാൽ എണ്ണം ആയിരം വരെ ഉയരാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപോർട്ടുകൾ പ്രകാരം ഇതുവരെ നാനൂറിലധികം പേർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്
രാവിലെ 10.30 ന് ലാ ചാപ്പല്ലെയിലെ ഒരു ഗണേശ ക്ഷേത്രത്തിൽ പ്രാർത്ഥനയോടും ‘വിശ്വ കല്യാണ് യജ്ഞ’ത്തോടും കൂടി രാം രഥ യാത്രയുടെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. വിഭവസമൃദ്ധമായ പൂജയും ആരതിയും പ്രസാദവിതരണവും സാംസ്കാരിക പ്രദർശനവും ഇതോടൊപ്പം ഉണ്ടായിരിക്കും.
തുടർന്ന് ഉച്ചയ്ക്ക് പ്ലേസ് ഡി ലാ ചാപ്പലിൽ നിന്ന് പുറപ്പെടുന്ന രഥയാത്ര പ്രസിദ്ധമായ ഈഫൽ ടവറിന്റെ ആസ്ഥാനമായ പ്ലേസ് ഡി ട്രോകാഡെറോയിൽ വൈകുന്നേരം 3 മണിക്ക് അവസാനിക്കും.
ഈഫൽ ടവറിന് ചുറ്റും രാമന്റെ വലിയ കട്ടൗട്ടുകൾ സ്ഥാപിക്കാനാണ് പദ്ധതി. കൂടാതെ, ശ്രീരാമന്റെ ഗാനങ്ങൾ ആലപിക്കുന്ന സാംസ്കാരിക പരിപാടിയും ഉണ്ടായിരിക്കും. ഫ്രാൻസിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇതിനകം തന്നെ പരിപാടിയിലേക്കുള്ള ക്ഷണങ്ങൾ ലഭിച്ചിട്ടുണ്ട്.
വരൂ പ്രഭു ശ്രീരാമന്റെ മഹത്വം നമുക്ക് ആഘോഷിക്കാം എന്ന് തുടങ്ങുന്ന ക്ഷണക്കത്ത് ഈ ചരിത്രപരവും ആഹ്ളാദമുളവാക്കുന്നതുമായ സന്ദർഭത്തിൽ ഭാഗഭാക്കാകുവാൻ 21 ജനുവരിയിൽ എല്ലാവരെയും ഞങ്ങൾ ക്ഷണിക്കുന്നു എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്

” അയോദ്ധ്യയിൽ, മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ പ്രഭു ശ്രീരാമന്റെ ജന്മഭൂമിയിൽ ഒരു മഹത്തരവും പ്രൗഢഗംഭീരവും ആയ ക്ഷേത്രത്തിന്റെ ഉത്ഘാടന ചടങ്ങുകൾ (പ്രാണ പ്രതിഷ്ഠ) ഈ വരുന്ന ജനുവരി 22 ന് നടക്കുകയാണ്. നമ്മുടെയൊക്കെ സ്വപ്നത്തിൽ മാത്രം ഉണ്ടായിരുന്ന ഈ പുണ്യമന്ദിരം നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനും സംഘർഷങ്ങൾക്കും ഒടുവിൽ അതിന്റെ രൂപത്തിലേക്ക് മാറി വരുന്നത് നേരിട്ട് കാണാനുള്ള അസുലഭ ഭാഗ്യം ലഭിച്ചവരാണ് നാമെല്ലാവരും.
ലോകമെമ്പാടുമുള്ള കോടികണക്കിന് ഹിന്ദുക്കളെയും, ഹിന്ദു മതവിശ്വാസികളെയും പോലെ നമ്മളും ഈ അസുലഭ നിമിഷം ആഘോഷിക്കുന്നു, നിങ്ങൾക്കെല്ലാവർക്കും ജനുവരി 21 ലേക്ക് സ്വാഗതം.” ക്ഷണക്കത്ത് വ്യക്തമാക്കുന്നു








