ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗോവ സന്ദർശനം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അരവിന്ദ് കെജ്രിവാൾ ഇഡിയെ അറിയിച്ചത്. ഇത് നാലാം തവണയാണ് ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുന്നത്.
മദ്യനയ അഴിമതി കേസിൽ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു ഇഡി മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഗോവയിലേക്ക് പോകണമെന്ന് ഇഡിയെ കെജ്രിവാൾ അറിയിക്കുകയായിരുന്നു.
ഈ മാസം കെജ്രിവാളിന് ലഭിക്കുന്ന രണ്ടാമത്തെ ഇഡി നോട്ടീസാണ് ഇത്. നേരത്തെ ജനുവരി മൂന്നിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അസൗകര്യം ഉണ്ടെന്ന് കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. ഇഡിയ്‌ക്കെതിരെ ആരോപണങ്ങളും അന്ന് കെജ്രിവാൾ ഉന്നയിച്ചിരുന്നു. ഇഡിയുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു അന്ന് കെജ്രിവാൾ പ്രതികരിച്ചത്.
അതേസമയം വിഷയത്തിൽ ഇഡി പ്രതികരിച്ചിട്ടില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിൽ കെജ്രിവാളിന് ഇഡി വീണ്ടും ചോദ്യം ചെയ്യും.








