കൊല്ലം: വീടിന്റെ മതിലിൽ വച്ചിരുന്ന ബോഗൻ വില്ല ചെടി മോഷ്ടിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ. മുണ്ടയ്ക്കൽ അമൃതകുളത്താണ് സംഭവം. ഇന്ദിരാജി ജംഗ്ഷന് സമീപത്ത് താമസിക്കുന്ന സിബിഐ മുൻ ചീഫ് മാനേജർ നഹാസിന്റെ വീടിന്റെ മതിലിന് മുകളിൽ വച്ചിരുന്ന നിറയെ പൂക്കളുള്ള ബോഗൻ വില്ലയാണ് മോഷ്ടിച്ചത്.
കുടുംബത്തോടൊപ്പം എത്തിയാണ് യുവാവ് മോഷണം നടത്തിയത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. യുവതിയോടൊപ്പം റോഡിന്റെ മറുവശത്ത് സ്കൂട്ടറിൽ എത്തിയ യുവാവ് മതിലിനടുത്തേക്ക് സ്കൂട്ടർ തിരിച്ച് വരുന്നത് വീഡിയോയിൽ കാണാം. തുടർന്ന് യുവാവ് ഞൊടിയിടയിൽ ചെടിച്ചട്ടിയെടുത്ത് കടന്നുകളയുന്നു. ഇവർക്കൊപ്പം ഒരു കൈക്കുഞ്ഞുമുണ്ടായിരുന്നു.
നഹാസും കുടുംബവും കഴിഞ്ഞ 6 വർഷമായി പരിചരിച്ച് പോന്നിരുന്ന ചെടിയാണ് ഇവർ അടിച്ചുമാറ്റിയത്. നേരത്തെയും പലതവണ നഹാസിന്റെ വീട്ടിൽ നിന്നും ചെടികൾ മോഷണം പോയിരുന്നു. ഇതിന് പിന്നാലെ മോഷണം തടയാനായി വീടിനു ചുറ്റും നഹാസ് സിസിടിവി വച്ചിരുന്നു. സംഭവത്തിൽ വീഡിയോ സഹിതം പരാതി നൽകാനൊരുങ്ങുകയാണ് നഹാസ്.
Discussion about this post