തൃശൂര്‍: വയനാട് വാകേരിയില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച നരഭോജി കടുവ രുദ്രന് വീണ്ടും ശസ്ത്രക്രിയ. മുഖത്തേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്തുന്നത്.
മറ്റ് കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ മുഖത്ത് ആഴത്തില്‍ പരിക്കേറ്റ കടുവയ്ക്ക് പുത്തൂരില്‍ എത്തിച്ചതിന്റെ അടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. മരുന്നുകള്‍ ഭക്ഷണത്തിലൂടെയാണ് നല്‍കിയിരുന്നത്. ഒരു മാസത്തിനുള്ളില്‍ മുറിവ് ഭേദമാകുമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍, കടുവയുടെ പരാക്രമത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തുന്നിക്കെട്ടലുകള്‍ പൊട്ടിച്ചിരുന്നു. അതിനാല്‍ തന്നെ മുറിവ് ഇതുവരെയും ഭേദമായിട്ടില്ല. ഇതിനേതുടര്‍ന്നാണ് വീണ്ടും ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കടുവയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു മാസം കൂടി വേണ്ടി വരുമെന്നാണ് നിഗമനം. അറുപത്് ദിവസമാണ് രുദ്രന്റെ ക്വാറന്റൈന്‍ കാലം. അത് കഴിഞ്ഞാല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ കടുവകള്‍ക്കായി ഒരുക്കിയിരിക്കുന്ന ആവാസ കേന്ദ്രത്തിലേക്ക് രുദ്രനെ മാറ്റും. ഭക്ഷണം കഴിക്കുന്നുണ്ട്. ദിവസം ഏഴ് കിലോ മാംസമണ് കൊടുക്കുന്നത്.
അതേസമയം, ഏപ്രില്‍ മാസത്തോടെ രാജ്യത്തിനകത്ത് നിന്നുള്ള കൂടുതല്‍ മൃഗങ്ങളെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിക്കുമെന്ന് മന്ത്രി രാജന്‍ അറിയിച്ചു. ജൂണോടെ വിദേശത്തു നിന്നുള്ള മൃഗങ്ങളെയും എത്തിക്കും. അനാക്കോണ്ടയെ ആയിരിക്കും വിദേശത്തു നിന്നും ആദ്യം പുത്തൂരിലെത്തിക്കുക.
Discussion about this post