അയോദ്ധ്യ:പ്രാണ പ്രതിഷ്ഠയുടെ പുണ്യ മുഹൂർത്തത്തിന് നിമിഷങ്ങൾക്ക് മുമ്പ് നിറ കണ്ണുകളോടെ ആലിംഗനം ചെയ്തും പരസ്പരം അഭിനന്ദിച്ചും രാമജന്മ ഭൂമി മുന്നേറ്റത്തിന്റെ മുൻനിര പോരാളികളായിരുന്ന ഉമാഭാരതിയും സാധ്വി ഋതംബരയും നിന്നത് രാമഭക്തർക്ക് കണ്ണ് നിറയ്ക്കുന്ന കാഴ്ചയായി
ഇന്ന് ലോകം മുഴുവനും ആശീർവാദത്തോടെ, അഭിനന്ദനങ്ങളോടെ, പുഷ്പവൃഷ്ടിയോടെ ഭഗവാൻ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ കണ്ടു. ചില അപവാദങ്ങൾ ഉണ്ടാകാമെങ്കിലും എങ്ങും ചുവപ്പ് പരവതാനികളും, പുഷ്പവൃഷ്ടികളും ജയ് ജയ് വിളികളും മാത്രം. എന്നാൽ നീണ്ട 32 വർഷങ്ങൾക്ക് അപ്പുറമുള്ള ഒരു പകലിൽ സാഹചര്യം അങ്ങനെയായിരുന്നില്ല. പുഷ്പവൃഷ്ടികൾക്ക് പകരം ചീറി പാഞ്ഞു വന്നത് മുലായം സിംഗിന്റെ പോലീസ് നിറയൊഴിച്ച വെടിയുണ്ടകളായിരിന്നു. തലങ്ങും വിലങ്ങുമുള്ള കേസുകളായിരിന്നു. എന്നാൽ ആത്മാവിൽ ശ്രീരാമ നാമം മാത്രമുള്ള കർസേവകർ അന്നുമിന്നും അവയെ പൂച്ചെണ്ടുകളായി തന്നെ കണ്ടു. മഹത്തായ ആ യാത്രയ്ക്കിടെയുള്ള മരണം വീരസ്വർഗ്ഗത്തിലേക്കുള്ള ചവിട്ടു പടിയായും കണ്ടു. അങ്ങനെയുള്ള രണ്ടു പേർ ഇന്ന് വീണ്ടും കണ്ടു മുട്ടുകയുണ്ടായി
രാമ ജന്മ ഭൂമിയിൽ പ്രാണപ്രതിഷ്ഠ ആരംഭിക്കാൻ വെറും മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ക്ഷേത്ര പരിസരത്ത് സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ, പരസ്പരം കെട്ടിപിടിക്കുന്ന രണ്ടു കാഷായ വസ്ത്ര ധാരിണികളെ കാണാമായിരുന്നു, രാമജന്മ ഭൂമി പ്രക്ഷോഭത്തിന്റെ പേരിൽ എനിക്ക് വധ ശിക്ഷ വിധിക്കുകയാണെങ്കിൽ എന്റെ മാതാവിന്റെ ഗർഭപാത്രം അതോടു കൂടി ധന്യമായെന്ന് ഞാൻ വിചാരിക്കും എന്ന് പറഞ്ഞ ഉമാ ഭാരതിയും ശ്രീരാമ മന്ദിരം ഈ ഭൂവിൽ ഉയർന്നാലല്ലാതെ ഞങ്ങൾ ഈ മണ്ണിൽ നിന്നും അകന്നു പോകില്ലെന്ന് പറഞ്ഞ സ്വാധി ഋതംബരയും ആയിരിന്നു ആ രണ്ട് സ്ത്രീകൾ
പ്രാണ പ്രതിഷ്ഠക്ക് മണിക്കൂറുകൾക്ക് മാത്രം ബാക്കിയുള്ളപ്പോൾ ഉമാഭാരതിയും സാധ്വി ഋതംഭരയും പരസ്പരം കണ്ടുമുട്ടി .ഒരു നിമിഷം പരസ്പരം നോക്കിയതിനു ശേഷം അവർ പൊട്ടിക്കരഞ്ഞു, നിറഞ്ഞ കണ്ണുകളോടെ ആലിംഗനം ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് നടക്കാനിരിക്കുന്ന പരിപാടിയിൽ ഇരുവരും പരസ്പരം ആശംസകൾ അറിയിച്ചു
എന്തൊക്കെ വികാര വിചാരങ്ങളായിരിക്കും അവരുടെ മനസ്സിൽ കൂടെ കടന്നു പോയിരിക്കുകയെന്ന് ആലോചിക്കാൻ തന്നെ ഒരു സാധാരണക്കാരന് ബുദ്ധിമുട്ടാണ് . എന്തിനു വേണ്ടിയാണോ അവർ സ്വന്തം ജീവിതം ആഹുതി ചെയ്യാൻ ഒരു ക്ഷണ നേരം പോലും മടിക്കാതെ ഇറങ്ങി തിരിച്ചത്, ആ ധന്യ നിമിഷമാണ് അവരുടെ കണ്മുന്നിൽ സഫലമാകുന്നത് . ഈ ജന്മത്തിലേതല്ല അനേക ജന്മങ്ങളുടെ പുണ്യ നിയോഗത്തിന്റെ ചാരിതാർഥ്യം അവരുടെ മുഖത്ത് കാണാമായിരുന്നു
കാര്യങ്ങൾ ഒരിക്കലും എളുപ്പമായിരുന്നില്ല തർക്ക മന്ദിരം തകർത്തതിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നുള്ള കേസിൽ ഇരുവരെയും സിബിഐ പ്രതിചേർത്തിരുന്നു, ഇവരെ കൂടാതെ പ്രമുഖ ബിജെപി, സംഘപരിവാർ നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, വിനയ് കത്യാർ, അശോക് സിംഗാൾ, ഗിരിരാജ് കിഷോർ, വിഷ്ണു ഹരി ഡാൽമിയ എന്നിവരും കേസിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് വേട്ടയാടലിന്റേതായ അനവധി വർഷങ്ങൾ
ഒടുവിൽ 2019 ൽ ഏറെ കാത്തിരുന്ന ആ നിമിഷം വന്നു ചേർന്നു. രാമക്ഷേത്ര വിഷയത്തിൽ സുപ്രീം കോടതി ഹിന്ദുക്കൾക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും അയോധ്യയിലെ തർക്ക സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാനുള്ള വഴി തുറന്ന് കൊടുക്കുകയും ചെയ്തു . തുടർന്ന് നീണ്ട നാല് വർഷത്തിന് ശേഷം ഇന്ന് 2024 ജനുവരി 22 ന് ആ പുണ്യ മുഹൂർത്തം സമാഗതമായി
പ്രാണപ്രതിഷ്ഠക്ക് വെറും ദിവസങ്ങൾക്ക് മുന്നേ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോൾ, ഒരു കർസേവക എന്ന നിലയിൽ അതിയായ സന്തോഷമുണ്ട് എന്നാണ് ഉമാ ഭാരതി പറഞ്ഞത്. ബി ജെ പി യുടെ സമുന്നതയായ നേതാവായിരുന്ന, മദ്ധ്യപ്രദേശിലെ മുഖ്യമന്ത്രി ആയിരുന്ന അവർ ഇന്നും പക്ഷെ സ്വയം അഭിമാനിക്കുന്നത് ഒരു കർ സേവക ആയതിനാലും, രാമ ജന്മ ഭൂമി പ്രക്ഷോഭത്തിൽ പങ്കെടുക്കാനായതിലുമാണ്.
സാധ്വി ഋതംബരയും മറിച്ചല്ല ചിന്തിക്കുന്നത്, ഭഗവാൻ ശ്രീരാമൻ തന്ന ധൈര്യവും ഊർജ്ജവും കൊണ്ടാണ് താൻ മുന്നോട്ട് പോയത് എന്ന് പറഞ്ഞ അവർ, ഈ പുണ്യ ദൗത്യത്തിനായി ഭഗവാൻ തിരഞ്ഞെടുത്തതിൽ അതീവ ഭാഗ്യം ചെയ്ത ഒരാളായി തോന്നുന്നു എന്നും കൂട്ടിച്ചേർത്തിരുന്നു.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും എതിരിട്ടു കൊണ്ട് ഹിന്ദുക്കൾ നിലകൊണ്ടതിന്റെ ഫലമാണിത്. 500 വർഷത്തിലേറെയായി നമ്മൾ പോരാടിക്കൊണ്ടിരുന്നു. ഇന്ന് നാം നേടിയെടുത്ത വിജയം വാക്കുകൾക്ക് അപ്പുറമാണ്. രാമക്ഷേത്രം നിർമ്മിക്കുന്നത് മാത്രമല്ല, ഇത് നമ്മുടെ അഭിമാനത്തിന്റെ പുനഃസ്ഥാപനം കൂടിയാണ്,” അവർ പറഞ്ഞു
വരാൻ പോകുന്ന തലമുറ എത്ര നന്ദി പറഞ്ഞാലാണ് ഇവരോടുള്ള കടം തീരുക. ഹിന്ദുക്കളുടെ ആത്മാഭിമാനം പുനരുജ്ജീവിപ്പിച്ചതിന് എന്താണ് നമുക്കിവർക്ക് പകരം കൊടുക്കാനാവുക. ഒന്നും പകരമാകില്ല, ആ സാധ്വികൾക്ക് ഒന്നും കിട്ടുകയും വേണ്ട. കാരണം അവർക്ക് കിട്ടാനുള്ളതെല്ലാം കൊടുത്തു കൊണ്ടാണല്ലോ അവരുടെ പ്രിയപ്പെട്ട രാം ലല്ല, നീണ്ട വനവാസത്തിനു ശേഷം ഇന്ന് കണ്ണ് തുറന്നത്
ജയ് ശ്രീരാം
Discussion about this post