ലഖ്‌നൗ : രാമക്ഷേത്രം സാധ്യമാക്കിയവർക്ക് നന്ദി അറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. രാമ ക്ഷേത്രത്തിനായി ത്യാഗം സഹിച്ചവർക്കും ക്ഷേത്രം സാധ്യമാക്കിയവർക്കും നന്ദി എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ സെവാഗ് വ്യക്തമാക്കിയത്.
വികാരഭരിതനാണ്, സന്തോഷവാനാണ്, സംതൃപ്തനാണ് സംസാരിക്കാൻ വാക്കുകൾ പോലും കിട്ടാത്ത അവസ്ഥയിലാണ് എന്നു തുടങ്ങിക്കൊണ്ടാണ് വീരേന്ദർ സെവാഗ് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയെ അഭിനന്ദിക്കുന്ന പോസ്റ്റ് കുറിച്ചിരിക്കുന്നത്. രാം ലല്ലാ എത്തിച്ചേർന്നിരിക്കുന്നു, ഈ നിമിഷം സാധ്യമാക്കിയവർക്കും ബലിദാനികളായവർക്കും എന്റെ കൃതജ്ഞത അറിയിക്കുന്നു എന്നും സെവാഗ് തന്റെ പോസ്റ്റിൽ കുറിച്ചു.
രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, ഒളിമ്പിക് മേഡൽ ജേതാവായ സൈന നെഹ്വാൾ എന്നിവരെല്ലാം തന്നെ രാമജന്മഭൂമിയിൽ വന്നെത്തിയിരുന്നു. അമിതാഭ് ബച്ചനും രജനീകാന്തും അടക്കമുള്ള നിരവധി പ്രമുഖ താരങ്ങളും മുകേഷ് അംബാനി, സുനിൽ മിത്തൽ അടക്കമുള്ള നിരവധി വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കുകൊണ്ടിരുന്നു.
ആറു ദിവസം നീണ്ടുനിന്ന പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ രാം ലല്ല വിഗ്രഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രമുഖ ആചാര്യന്മാരുടെ കാർമികത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകിയ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലും സന്നിഹിതരായിരുന്നു.
Discussion about this post