ഗുവാഹട്ടി: ബോക്‌സിംഗിൽ നിന്നും ഒളിംപിക്‌സ് മെഡൽ ജേതാവ് മേരി കോം വിരമിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനെ തുടർന്നാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ നിയമ പ്രകാരം പുരുഷ- വനിതാ താരങ്ങളുടെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി 40 വയസ്സാണ്. ഇപ്പോൾ മേരി കോമിന് 41 വയസ്സാണ് പ്രായം.
വാർത്താസമ്മേളനത്തിലായിരുന്നു മേരി കോം വിരമിക്കുന്നതായി അറിയിച്ചത്. ബോക്‌സിംഗ് മത്സരങ്ങളിൽ തുടർന്നും പങ്കെടുക്കാനാണ് ആഗ്രഹം എന്ന് മേരി കോം പറഞ്ഞു. എന്നാൽ വിരമിയ്ക്കാൻ നിർബന്ധിത ആയിരിക്കുന്നു. മത്സരിക്കാനുള്ള പ്രായപരിധി അവസാനിച്ചതിനെ തുടർന്നാണ് വിരമിയ്ക്കൽ പ്രഖ്യാപിക്കുന്നത്. ജീവിതത്തിൽ വേണ്ടതെല്ലാം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞുവെന്നും മേരി കോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ആദ്യമായി ആറ് തവണ ലോക ചാമ്പ്യനായ ഓരേയൊരു വനിതാ ബോക്‌സിംഗ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യൻ ചാമ്പ്യൻ ആയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ വനിതാ ബോക്‌സർ കൂടിയാണ് മേരി കോം. 2014 ലെ ഏഷ്യൻ ഗെയിംസിൽ ആയിരുന്നു മേരി കോമിന്റെ സുവർണ നേട്ടം. 2012 ഒളിംപിക്‌സിൽ വെങ്കലം നേടിയിരുന്നു.
2003 ൽ ആണ് മേരി കോം ആദ്യ ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്നത്. ഇതിന് പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി താരത്തെ ആദരിച്ചു. ഖേൽ രത്‌ന, പത്മശ്രീ, പത്മവിഭൂഷൺ, തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Discussion about this post