പാറ്റ്ന: ദേശീയ രാഷ്ട്രീയത്തിലും ബിഹാർ രാഷ്ട്രീയത്തിലും വലിയ അടിയൊഴുക്കുകൾക്ക് വഴിയൊരുക്കുന്ന തീരുമാനവുമായി നിതീഷ് കുമാർ വീണ്ടും എൻ ഡി എ യിലേക്ക്. മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും കക്ഷി മാറുമെന്നും അദ്ദേഹത്തിൻ്റെ പാർട്ടി ജെഡിയു ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ജനുവരി 26 വെള്ളിയാഴ്ച അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ അദ്ദേഹം ഐഎൻഡിഐഎ മുന്നണി വിടുമെന്ന വലിയ ഊഹാപോഹങ്ങൾക്കിടെയാണ് സഖ്യം വിടും ഏതാണ്ട് ഉറപ്പാണ് എന്ന തരത്തിൽ ഇപ്പോൾ വാർത്ത വന്നിരിക്കുന്നത്. നേരത്തെ, തന്നെ പ്രധാനമന്ത്രി സ്ഥാനാർഥി ആക്കാത്തതിലുള്ള അമർഷം അദ്ദേഹം ഇൻഡി സഖ്യത്തോട് തുറന്ന് പ്രകടിപ്പിച്ചിരുന്നു. തനിക്ക് പകരം മല്ലികാർജ്ജുൻ ഖാർഘയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കാനുള്ള തീരുമാനം അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ഖാർഘയെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിച്ച മമതാ ബാനർജിയാകട്ടെ നിതീഷ് കുമാറിനേക്കാൾ വേഗത്തിൽ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ചെയ്തിരുന്നു
അമിത് ഷായുടെ വസതിയിൽ ഇന്നലെ നടന്ന ബിഹാർ ബിജെപി നേതാക്കളുടെ യോഗത്തിൽ നിതീഷ് കുമാറുമായി കൈകോർക്കുന്ന കാര്യം ബിജെപി നേതാക്കളെ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ജെ.ഡി.യുവിനൊപ്പം ചേരുന്ന വിഷയത്തിൽ പ്രവർത്തകരുടെ നിലപാടിനെക്കുറിച്ച് സംസ്ഥാന നേതാക്കൾ വിവരം നൽകിയിട്ടുണ്ട് . യോഗത്തിൽ നിതീഷ് ബി.ജെ.പി.യിൽ ചേർന്നാലുണ്ടാകുന്ന ആഘാതവും ലോക്‌സഭാ തിരഞ്ഞെടുപ്പും ചർച്ചയായിട്ടുണ്ട് .
നിതീഷിൻ്റെ എൻഡിഎ പ്രവേശനത്തിന് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി ബി.ജെ.പി നിർദ്ദേശിക്കുന്ന ആളും ആയിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിൽ നിന്ന് പരമാവധി സീറ്റുകൾ നേടുന്നത് കണക്കിലെടുത്താണ് പാർട്ടി നേതൃത്വം തീരുമാനമെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.
Discussion about this post