ലണ്ടന്‍:ബ്രീട്ടിഷ് എണ്ണക്കപ്പലിനുനേരെ ഹൂതി മിസൈല്‍ ആക്രമണം. ഏദന്‍ ഉള്‍ക്കടലിലാണ് സംഭവം. മര്‍ലിന്‍ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. കപ്പല്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.
ചെങ്കടല്‍ കഴിഞ്ഞതിനുശേഷം ഏദന്‍ ഉള്‍ക്കടലില്‍ വച്ച് കപ്പലില്‍ ഒരു മിസൈല്‍ പതിക്കുകയായിരുന്നു. അഗ്നിശമനസേനാ ഉപകരണങ്ങള്‍ കപ്പലില്‍ വിന്യസിച്ചിട്ടുള്ളതിനാലാണ് തീ അണയ്ക്കാനും നിയന്ത്രിക്കാനും സാധിച്ചത്. ഇതിലൂടെ ഒരു വലിയ അപകടം ഒഴിവായെന്നും അധികൃതര്‍ പറഞ്ഞു. ആര്‍ക്കും പരിക്കുകള്‍ ഇല്ല .സൈനിക കപ്പല്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണക്കാന്‍ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പല്‍ അധികൃതര്‍ അറിയിച്ചു.
ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. അമേരിക്കന്‍-ബ്രിട്ടീഷ് ആക്രമണത്തിന് മറുപടിയായും പലസ്തീന്‍ ജനതയെ പിന്തുണച്ചുമാണ് എണ്ണക്കപ്പലിനുനേരെ വെടിയുതിര്‍ത്തിരിക്കുന്നത്. ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതുവരെ തങ്ങളുടെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഹൂതികള്‍ പറഞ്ഞു. ബ്രീട്ടിഷ് എണ്ണ കപ്പലിനെ നേരിട്ട് നേരിടാന്‍ സാധിച്ചത് വലിയ ബഹുമതിയും അനുഗ്രഹവുമാണെന്ന് ഹൂതി നേതാവ് അബ്ദുള്‍ മാലെക് അല്‍ ഹൂത്തി അറിയിച്ചു.












