വെസ്റ്റ് ബാങ്ക്: ആരാധനാലയങ്ങൾ, ആശുപത്രി, സ്കൂൾ കോളേജുകൾ തുടങ്ങിയ ശത്രു സൈന്യം ആക്രമിക്കാൻ സാദ്ധ്യതയില്ലാത്ത സ്ഥലങ്ങളിൽ ഒളിച്ചിരിക്കുക എന്നത് തീവ്രവാദികൾ പൊതുവെ പയറ്റുന്ന ഒരു തന്ത്രമാണ്. എന്നാൽ നിങ്ങളുടെ തന്ത്രങ്ങൾ ഏതുമായിക്കോട്ടെ അത് ഞങ്ങളുടെയടുത്ത് വേണ്ട എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകത്തെ ഏറ്റവും അപകടകാരിയായ സൈന്യങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഇസ്രായേൽ സേന
ഇസ്രായേൽ പ്രതിരോധ സേനയുടെ രഹസ്യ പ്രവർത്തന പദ്ധതിയുടെ ഭാഗമായി, സിവിലിയൻ സ്ത്രീകളുടെയും മെഡിക്കൽ ജീവനക്കാരുടെയും വേഷത്തിൽ, അധിനിവേശ വെസ്റ്റ്ബാങ്ക് പ്രദേശത്തെ ഒരു ആശുപത്രിയിലേക്ക് ഇരച്ചുകയറുകയും 3 ഹമാസ് തീവ്രവാദികളെ വധിക്കുകയും ചെയ്തിരിക്കുകയാണ് ഇസ്രായേൽ സൈന്യം. അതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമദ്ധ്യമങ്ങളിലൂടെ വയറൽ ആയികൊണ്ടിരിക്കുകയാണ്.
വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിലെ ഇബ്ൻ സിന ഹോസ്പിറ്റലിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത് . ആശുപത്രിക്കുള്ളിൽ ഇസ്രായേൽ സൈന്യം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
സമൂഹമദ്ധ്യമമായ എക്‌സിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളിൽ, സായുധരായ നിരവധി ഐഡിഎഫ് കമാൻഡോകൾ, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഹിജാബ് ധരിച്ച സ്ത്രീകളുടെയും വേഷം ധരിച്ച്, ആശുപത്രിയിൽ പ്രവേശിച്ച് ഹമാസ് തീവ്രവാദികളെന്ന് സംശയിക്കുന്ന ആളുകൾക്ക് നേരെ വെടിയുതിർക്കുന്നത് കാണാം.
വീഡിയോ പ്രചരിച്ചതിനു പിന്നാലെ, വ്യാപകമായി തീവ്രവാദ പ്രവർത്തനങ്ങളിൽ അടുത്തകാലത്തായി ഏർപ്പെട്ടിരുന്ന ഹമാസ് പോരാളി മുഹമ്മദ് ജലാംനെയെ ലക്ഷ്യമാക്കിയാണ് തങ്ങൾ ഈ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് വ്യക്തമാക്കി








