തിരുവനന്തപുരം: തലസ്ഥാന ജില്ലക്ക് ആശ്വാസമായി മഴ തുടങ്ങി. തിരുവനന്തപുരത്ത് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വരും മണിക്കൂറിലും തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ ഇടിമിന്നലിനും സാധ്യത അറിയിച്ചിട്ടുണ്ട്. ഇടിമിന്നല്‍ അപകടകരമായതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനം മുന്‍ കരുതലുകള്‍ സ്വീകരിക്കണം എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും 01-02-2024 ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാനും ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.












