ജയ്പൂർ: ഫെബ്രുവരി 17ന് നടക്കുന്ന വായുശക്തി 2024ൽ ശക്തി തെളിയിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ. രാജസ്ഥാനിലെ പൊഹ്‌റാനിൽ ആണ് വായുശക്തി 2024 നടക്കുക. വ്യോമസേനയുടെ റാഫാൽ യുദ്ധവിമാനങ്ങളും പ്രചണ്ഡ് ആക്രമണ ഹെലികോപ്റ്ററുകളും വായുശക്തിയിൽ മികവു തെളിയിക്കും.
സൈനിക തോക്കുകൾ ഉപയോഗിച്ചുള്ള അഭ്യാസപ്രപകടനങ്ങളും ഉണ്ടായിരിക്കുമെന്ന് വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് (വിസിഎഎസ്) എയർ മാർഷൽ എപി സിംഗ് പറഞ്ഞു. വായുശക്തിയുടെ ഈ പതിപ്പിൽ പ്രധാന യുദ്ധവിമാനങ്ങളായ സുഖോയ് 30 എംകെഐ, എൽസിഎ തേജസ്, മിറാഷ് 2000, മിഗ്- 29 എന്നിവയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്തുകൊണ്ട് അവയുടെ ശക്തി തെളിയിക്കും.
77 യുദ്ധവിമാനങ്ങളും 41 ഹെലികോപ്ടറുകളും അഞ്ച് യാത്രാ വിമാനങ്ങളും അഭ്യാസപ്രകടനത്തിൽ പങ്കെടുക്കും. ഇതിനോടൊപ്പം ഭൂതല വ്യോമ മിസൈൽ, വ്യോമ – വ്യോമ മിസൈൽ, വ്യോമ ഭൗമ മിസൈൽ എന്നിവയുടെ പ്രകടനവും ഉണ്ടാകും. ഇന്ത്യൻ നിർമിത എൽസിഎ തേജസ്, എഎൽഎച്ച് ധ്രുവ് എന്നീ വിമാനങ്ങളും പ്രകടനം നടത്തുമെന്ന് വൈസ് ചീഫ് എയർ മാർഷൽ പറഞ്ഞു. രുദ്ര ആക്രമണ ഹെലികോപ്ടറിൽ നിന്നും ആയുധങ്ങൾ പായിച്ചുകൊണ്ട് ശക്തിപ്രകടനം നടത്തും. ആദ്യമായാണ് റഫാലും പ്രചണ്ഡും വായുശക്തിയിൽ പങ്കെടുക്കുന്നത്.
Discussion about this post