കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മൂന്നാം ഐ.പി.എൽ കിരീടനേട്ടത്തിന്റെ ഒന്നാം വാർഷികാഘോഷം ആരാധകർക്കിടയിൽ വലിയ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ വർഷം മെയ് 26-നാണ് കൊൽക്കത്ത കിരീടമുയർത്തിയത്. എന്നാൽ, ഈ വാർഷിക ദിനത്തിൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്ന് ടീമിനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഒഴിവാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനോട് കാണിച്ച ഈ അവഗണനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശ്രേയസ് അയ്യരെ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, ആഘോഷ ചിത്രങ്ങളിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തിയത് കൃതഘ്നതയാണെന്നാണ് ആരാധകർ പറയുന്നത്.
കഴിഞ്ഞ വർഷം കൊൽക്കത്തയെ മൂന്നാം ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച നായകനാണ് ശ്രേയസ് അയ്യർ. എന്നാൽ, വാർഷിക പോസ്റ്റിൽ അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. “ടീമിനായി എല്ലാം നൽകിയ മനുഷ്യനെ ഒരു തവണ പോലും പരാമർശിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ?” എന്നും, “ചിത്രത്തിൽ എവിടെയാണ് അയ്യർ?” എന്നും ചോദിച്ച് ആരാധകർ കെ.കെ.ആറിനെതിരെ രംഗത്തുവന്നു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയ ശ്രേയസ് അയ്യരെ, ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയായ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സിനെ ലീഗ് ഘട്ടത്തിൽ ടോപ്പ് 2-ൽ എത്തിക്കാൻ അയ്യർക്ക് സാധിച്ചു. പഞ്ചാബ് കിങ്‌സിലെ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് അയ്യർ പറഞ്ഞത് ഇങ്ങനെയാണ്. “എല്ലാവരും കൃത്യസമയത്ത് ഒത്തൊരുമിച്ച് പ്രവർത്തിച്ചു. റിക്കി പോണ്ടിംഗ് നൽകിയ പിന്തുണ വളരെ വലുതാണ്. കളിക്കളത്തിൽ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹം എന്നെ അനുവദിക്കുന്നു”.അദ്ദേഹം പറഞ്ഞു.












