വയനാട് : വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ തിരികെ കർണാടക വനമേഖലയിൽ കൊണ്ടുവിടുന്നതിനുള്ള മിഷൻ തണ്ണീർ കൊമ്പൻ വിജയകരം. മയക്കുവെടി വെച്ചശേഷം ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റി. ബന്ദിപ്പൂർ വനത്തിൽ ആയിരിക്കും ആനയെ ഇനി തുറന്നു വിടുക.
തണ്ണീർ കൊമ്പനെ മയക്കുവെടി വെച്ച് കർണാടക വനത്തിലേക്ക് കൊണ്ടുപോകുന്ന ദൗത്യത്തിൽ പങ്കാളികളാകാനായി കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. തണ്ണീർ കൊമ്പന് 2 തവണ മയക്കുവെടി വയ്ക്കുകയും രണ്ടു ബൂസ്റ്റർ ഡോസുകൾ നൽകുകയും ചെയ്തിരുന്നു. ആന നിലയുറപ്പിച്ചിരുന്ന വാഴത്തോട്ടത്തിന് സമീപത്തെ മൺതിട്ട ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയ ശേഷമാണ് കുങ്കിയാനകളെ തണ്ണീർ കൊമ്പന് അടുത്തേക്ക് എത്തിച്ചിരുന്നത്. സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ മൂന്ന് കുങ്കിയാനകൾ ചേർന്നാണ് തണ്ണീർ കൊമ്പനെ എലിഫന്റ് ആംബുലൻസിന് അടുത്തേക്ക് എത്തിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു തണ്ണീർ കൊമ്പൻ എന്ന ഒറ്റയാൻ മാനന്തവാടി മേഖലയിൽ എത്തിയത്. മാനന്തവാടി നഗരത്തിനോട് ചേർന്നുള്ള ജനവാസ മേഖലയിലായിരുന്നു ആനയെത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച നിലയിലുള്ള ആനയെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. തുടർന്ന് ഈ പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജനവാസ മേഖലയിൽ കറങ്ങി നടന്നിരുന്ന ആന യാതൊരുവിധത്തിലുള്ള പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തിട്ടില്ല.
Discussion about this post