ഇസ്ലാമാബാദ്: പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം സ്ഫോടനം. കറാച്ചിയിലായിരുന്നു സംഭവം. ഭീകരാക്രമണമാണ് നടന്നത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. ഓഫീസിലെ ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രദേശത്ത് ആയിരുന്നു സംഭവം. ഇവിടെ ബാഗിനുള്ളിലാക്കിയാണ് ബോംബ് സ്ഥാപിച്ചത്. ഈ ബാഗ് പരിസരം വൃത്തിയാക്കുകയായിരുന്ന ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുറന്ന് നോക്കിയപ്പോൾ സ്ഫോടക വസ്തുവാണെന്ന് വ്യക്തമായി. ഇതോടെ ഇത് ദൂരേയ്ക്ക് എറിയാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേയ്ക്കും പൊട്ടുകയായിരുന്നു. കമ്മീഷൻ ഓഫീസിനും പാസ്പോർട്ട് ഓഫീസിനും ഇടയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇല്ല.
ടൈംബോംബ് ആണ് പൊട്ടിത്തെറിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ബോംബ് പൊട്ടി കെട്ടിടങ്ങൾക്ക് ചെറിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പാകിസ്താനിൽ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഈ മാസം എട്ടിനാണ് തിരഞ്ഞെടുപ്പ്.
Discussion about this post