ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ബീഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്. ഇന്ദിരാഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും ഭരണം ‘ഏകാധിപത്യ’പരമായിരുന്നെന്നും ജയപ്രകാശ് നാരായണന്റെ കാര്യത്തില്‍ ബ്രിട്ടീഷുകാരെക്കാള്‍ മോശമായാണ് ഇന്ദിര പെരുമാറിയതെന്നുമാണ് വിമര്‍ശനം.
സൈറ്റിലെ ‘ബീഹാറിന്റെ ചരിത്രം'(ഹിസ്റ്ററി ഓഫ് ബീഹാര്‍) എന്ന വിഭാഗത്തിലാണ് ഭരണത്തിലെ കൂട്ടുകക്ഷി കൂടിയായ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. 1917ല്‍ ചമ്പാരനില്‍ അടിച്ചമര്‍ത്തലിനെതിരെ സംസാരിച്ചപ്പോള്‍ ഗാന്ധിജിയോട് ബ്രിട്ടീഷുകാര്‍ കാട്ടിയതിനേക്കാള്‍ മോശമായാണ് അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണനോട് ഇന്ദിര പെരുമാറിയതെന്നാണ് വിമര്‍ശനം.
ജെ.പിയെ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുത്തുന്നതിന് തലേന്ന് അറസ്റ്റിലാക്കി കൊടും കുറ്റവാളികള്‍ക്കൊപ്പം തീഹാര്‍ ജയിലിലാക്കി. വയോധികനായ ജെ.പി സ്വാതന്ത്ര്യലബ്ധിക്കായി ഇന്ദിരയുടെ പിതാവ് നെഹ്‌റുവിനൊപ്പം പോരാടിയെന്ന് പോലും കണക്കാക്കാതെയായിരുന്നു ക്രൂരമായ പെരുമാറ്റമെന്നും സംസ്ഥാനത്തിന്റെ ആധുനിക ചരിത്രം അടയാളപ്പെടുത്തുന്നിടത്ത് സൈറ്റ് പറയുന്നു.
അതേ സമയം വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇന്ദിരാഗാന്ധിയ്‌ക്കെതിരായ പരാമര്‍ശം അംഗീകരിക്കില്ലെന്നും സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദന്‍ യാദവ് പറയുന്നു. ബെല്‍ച്ചി പോരാട്ടത്തിലൂടെയും ഗരീബി ഹഠാവോ കാമ്പയിനിലൂടെയും ബീഹാറുകാര്‍ക്ക് പ്രിയങ്കരിയായിരുന്നു ഇന്ദിരയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post